കൊല്ലം: ശബരിമല യുവതീ പ്രവേശനത്തിന് പിന്നിലെ സമരത്തിന് പിന്നിൽ സവർണ ലോബിയാണെന്നും തമ്പ്രാക്കന്മാരെന്ന് കരുതുന്ന ചിലരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ശബരിമല തന്ത്രിയും ചങ്ങനാശേരിയിലെ ഒരാളും ഒരു രാജാവുമാണ് ശബരിമല സമരങ്ങൾ്ക്ക പിന്നിൽ. സ്ത്രീകൾ മലകയറിയതിന് പിന്നിൽ സർക്കാരല്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്‌തത്. വരുന്ന തിരഞ്ഞെടുപ്പിൽ യു.ഡിഎഫിന് സർവനാശം സംഭവിക്കും. വോട്ടുകൾ ബി.ജെ.പിക്ക് പോകുമെന്നും എന്നാൽ ഇടത് മുന്നണിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും നിലപാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മുഴുവൻ സവർണ ആധിപത്യമാണ് നിലനിൽക്കുന്നത്. ദേവസ്വം ബോർഡിലെ 95ശതമാനം തസ്‌തികകളിലും സവർണരെയാണ് ഇരുത്തിയിരിക്കുന്നത്. പിന്നാക്ക സമുദായങ്ങളെ മുഴുവൻ ദേവസ്വം ബോർഡിൽ നിന്ന് ആട്ടിപ്പായിക്കുകയാണ്. ഇതിന് മാറ്റം വരണം. കഴിഞ്ഞ ദിവസം ശബരിമല കർമ സമിതി നടത്തിയ അയ്യപ്പ ഭക്ത സംഗമം സവർണ ഐക്യമാണെന്ന നിലപാടിൽ മാറ്റമില്ല. അയ്യപ്പ സംഗമത്തിന് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. താൻ പോകാത്തത് മഹാഭാഗ്യമായി കാണുന്നു. ജനങ്ങളെല്ലാം കഴുതകളാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.