2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയെന്ന യു.എസ് സൈബർ വിദഗ്ദ്ധൻ സൈദ് ഷൂജയുടെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ. കേവലം മൂന്ന് മാസങ്ങൾക്കകം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങവേയാണ് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ആരോപണത്തിനൊപ്പം തട്ടിപ്പ് അറിയുന്നവരെയും, അതിനെ കുറിച്ചുള്ള വിവരം ശേഖരിക്കാൻ ശ്രമിച്ചവരെയും എതിരാളികൾ കൊലപ്പെടുത്തി എന്ന ഗുരുതരമായ ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്. ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെയും മാദ്ധ്യമപ്രവർത്തക ഗൗരിലങ്കേഷിന്റെയും പേരുകൾ ഇതിനോട് ചേർത്ത് വയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ അവസരത്തിൽ ഒരു കാലത്ത് ബി.ജെ.പിയുടെ മുഖമായി തിളങ്ങിയ പ്രമോദ് മഹാജന്റെ കൊലപാതകത്തെ കുടുംബപ്രശ്നങ്ങളിൽ തളച്ചിടാതെ പാർട്ടിയിലെ അധികാരം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടി ആരോപണമുയർത്തുകയാണ് കോൺഗ്രസ് എം.എൽ.എയായ വി.ടി.ബൽറാം.
കോർപ്പറേറ്റുകളുടെ ഇഷ്ടതോഴനും, ന്യൂജെൻ ഹൈടെക് രാഷ്ട്രീയക്കാരനുമായ പ്രമോദ് മഹാജൻ പെട്ടെന്നൊരു ദിവസം സ്വന്തം സഹോദരനാൽ കൊല ചെയ്യപ്പെടുകയായിരുന്നു. ഇതേ സമയത്താണ് നരേന്ദ്ര മോദിയുടെ പാർട്ടിയിലെ വളർച്ചയുണ്ടായത്. ഏതാനും വർഷങ്ങൾക്ക് ശേഷം മഹാജന്റെ ഭാര്യാ സഹോദരനും കേന്ദ്ര മന്ത്രിയുമായ ഗോപിനാഥ് മുണ്ടേയും തീർത്തും ദുരൂഹമായ നിലയിലാണ് ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്. പുതിയ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്ന പലതിലേക്കുമാണോ വിരൽ ചൂണ്ടുന്നത്? എന്ന ചോദ്യമുയർത്തിയാണ് വി.ടി.ബൽറാം സംശയത്തിന്റെ മുന നീട്ടി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാസങ്ങൾക്ക് മുൻപ് എഴുതിയ ഒരു പോസ്റ്റിൽ പറഞ്ഞതാണ്:
'ഇന്ന് നരേന്ദ്ര മോഡി എന്താണോ ആ സ്ഥാനത്തേക്ക് കടന്നുവരുമെന്ന് ഒരുകാലത്ത് വലിയ പ്രതീക്ഷ ജനിപ്പിച്ചിരുന്ന ബിജെപി നേതാവായിരുന്നു പ്രമോദ് മഹാജൻ. കോർപ്പറേറ്റുകളുടെ ഇഷ്ടതോഴൻ, ന്യൂജെൻ ഹൈടെക് രാഷ്ട്രീയക്കാരൻ, ഫണ്ട് റെയ്സർ, മാധ്യമങ്ങളുടെ കണ്ണിലുണ്ണി, വാജ്‌പേയ് മന്ത്രിസഭയിലെ ട്രബിൾഷൂട്ടറായ കാബിനറ്റ് മന്ത്രി, എന്നിങ്ങനെയൊക്കെ ഉയർന്നു നിന്നിരുന്ന പ്രമോദ് മഹാജൻ പെട്ടെന്നൊരു ദിവസം സ്വന്തം സഹോദരനാൽ കൊല ചെയ്യപ്പെടുകയായിരുന്നു. പ്രമോദ് മഹാജന്റെ കൊലപാതവും പാർട്ടിക്കുള്ളിലെ നരേന്ദ്ര മോഡിയുടെ വളർച്ചയും ഏതാണ്ട് ഒരേ കാലഘട്ടത്തിൽ അരങ്ങേറിയതാണെന്നത് യാദൃശ്ചികമായിരിക്കാം. ഏതാനും വർഷങ്ങൾക്ക് ശേഷം മഹാജന്റെ ഭാര്യാ സഹോദരനും കേന്ദ്ര മന്ത്രിയുമായ ഗോപിനാഥ് മുണ്ടേയും തീർത്തും ദുരൂഹമായ നിലയിലാണ് ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത് എന്നതും മറ്റൊരു യാദൃശ്ചികത ആയിരിക്കാം'
.................
പുതിയ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്ന പലതിലേക്കുമാണോ വിരൽ ചൂണ്ടുന്നത്?