balabhaskar-father

തിരുവനന്തപുരം:വയലനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി പിതാവ് സി.കെ. ഉണ്ണി രംഗത്ത്. പാലക്കാടുള്ള ആയുർവേദ റിസോർട്ടിന് ബാലഭാസ്‌കർ വഴി ഒന്നരകോടി രൂപ ലോൺ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ്.ബി.ഐ വഴി ആയിരുന്നു അത്. തന്റെ അനുജൻ തന്നെയായിരുന്നു ആ സമയത്ത് അവിടുത്തെ ഡെപ്യൂട്ടി ജനറൽ മാനേജർ. അതിനുശേഷമാണ് വളരെ ചെറിയ രീതിയിലായിരുന്ന റിസോർട്ട് വളർച്ച പ്രാപിച്ചതെന്ന് ഉണ്ണി വെളിപ്പെടുത്തുന്നു. തിരുവനന്തപുരത്ത് ബാലഭാസ്‌കർ അനുസ്‌മരണ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്.

'ചെറുപ്പളശ്ശരിയിൽ 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് എന്നോട് ബാലു പറഞ്ഞിട്ടുണ്ട്. സ്‌റ്റീഫനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതിന്റെയൊന്നും കണക്കുകൾ ഇപ്പോൾ കാണാനില്ല. എനിക്ക് വയസുകാലത്തുണ്ടായിരുന്ന ആകെയുള്ള ഊന്നുവടിയായിരുന്നു. തരാൻ എന്റെ കൈയിൽ തെളിവുകളൊന്നുമില്ല'- വിതുമ്പലോടെ പിതാവ് പറയുന്നു.

'പാലക്കാട് ആയു‌ർവേദ ആശുപത്രിയിൽ ചികിത്സയ്‌ക്ക് പോയതാണ്. കുറേനാൾ അവിടെ കിടന്ന് അവർ ഫ്രണ്ട്‌സ് ആയി. പിന്നെ ഇടയ്‌ക്കിടെ അവിടെ താമസിക്കാൻ തുടങ്ങി. അത് ചെറിയൊരു ആശുപത്രിയായിരുന്നു. എന്റെ അനുജൻ അവിടെ എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ആയിരുന്നു. റിസോർട്ട് ഡെവലപ്പ് ചെയ്യാൻ ബാലു പറഞ്ഞിട്ട് ഒന്നര കോടി രൂപ ലോൺ കൊടുത്തു എന്നാണ് അവൻ പറഞ്ഞത്. അതിനു ശേഷം ബാലുവിന്റെ വലിയൊരു ഇൻവെസ്‌റ്റ്‌മെന്റ് അവിടെയുണ്ടായിരുന്നു. തെളിവുകളൊന്നും തരാൻ എന്റെ കൈയിലില്ല.

വാഹനമോടിച്ചിരുന്ന അർജുനെ ആയുർവേദ ഡോക്‌ടർ തന്നെയാണ് ഡ്രൈവറായി വിട്ടത്. അവനെ നന്നാക്കാനാണ് കൂടെകൂട്ടിയതെന്നാണ് ബാലു പറഞ്ഞത്. അർജുന്റെ പേരിൽ എന്തോ ക്രിമിനൽ കേസോ കൊട്ടേഷൻ ഏർപ്പാടോ ഒക്കെ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. മനപൂർവമുണ്ടാക്കിയ ആക്‌സിഡന്റാണെന്ന് എനിക്ക് തോന്നി. ഡ്രൈവർക്ക് കാലിൽ മാത്രമെ പരിക്കുള്ളു. സത്യമെന്താണെന്ന് ദൈവത്തിനെ അറിയൂ.

വിവരങ്ങളൊക്കെ അപ്പപ്പോൾ എന്നെ അറിയിക്കണമെന്ന് ഡി.ജി.പി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഒന്നും ഇതുവരെയും അറിയിച്ചിട്ടില്ല. ഒരു ഹൈലെവൽ എൻക്വയറി വേണമെന്നാവശ്യപ്പെട്ട് വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്'.