തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ (കെ.എ.എസ്) മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്താൻ ഒടുവിൽ സർക്കാർ തീരുമാനിച്ചു. നേരത്തെ ഒരു സ്ട്രീമിൽ മാത്രം സംവരണം ഏർപ്പെടുത്തുകയും രണ്ടും മൂന്നും സ്ട്രീമുകൾ ഒഴിവാക്കുകയും ചെയ്ത സർക്കാർ നടപടി പിന്നാക്ക ദളിത് സംഘടനകൾ സർക്കാരിനെതിരെ പ്രതിഷേധമുയർത്താൻ ഇടയാക്കിയിരുന്നു. എന്നാൽ സർക്കാർ നിലപാട് മാറ്റിയില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അഡ്വ. ജനറലിനോട് നിയമോപദേശം തേടുകയും ചെയ്തു. സംവരണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം.
എന്നാൽ, സി.പി.എം രാജ്യസഭാംഗം കെ.സോമപ്രസാദുൾപ്പെടെ സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. അദ്ദേഹം പിന്നീട് മുഖ്യമന്ത്രിയുമായും പട്ടികജാതി പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായും നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തു. ആദ്യം വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതിരുന്ന സർക്കാർ പിന്നീട് നടത്തിയ കൂടിയാലോചനയിലാണ് മാറ്റം വരുത്താൻ തീരുമാനമുണ്ടായത്. കെ.എ.എസിലെ സംവരണം പ്രതിപക്ഷവും സർക്കാരിനെതിരായ ആയുധമാക്കിയിരുന്നു. കോൺഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹവും നടത്തിയിരുന്നു.
കോൺഗ്രസ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിക്കുകയും ദളിത് സംഘടനകൾ പ്രക്ഷോഭപാതയിലിറങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ പൊടുന്നനേ നിലപാട് മാറ്റിയത്. ശബരിമല വിഷയത്തിൽ പിന്നാക്ക ദളിത് വിഭാഗങ്ങൾ സർക്കാർ അനുകൂല നിലപാട് കൈക്കൊള്ളുകയും വനിതാ മതിലിലുൾപ്പെടെ പങ്കാളിത്തം പ്രകടമാക്കുകയും ചെയ്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പിന്നാക്ക ദളിത് വിഭാഗങ്ങളെ തങ്ങൾക്കൊപ്പം ഉറപ്പിച്ച് നിറുത്താൻ സർക്കാരിന്റെ ചുവടുമാറ്റം സഹായകമാകുമെന്നാണ് വിലയിരുത്തൽ.