tripura

അഗർത്തല: ത്രിപുരയിൽ 96 ക്രിസ്‌ത്യൻ മതവിഭാഗക്കാർ ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്തിയതായി വലതുപക്ഷ സംഘടനായ ജാഗ്രാൻ മഞ്ച് വ്യക്തമാക്കി. 23 ഗോത്ര വർഗങ്ങളിൽ നിന്നായാണ് ഇവർ കഴിഞ്ഞ ദിവസം പരിവർത്തനം നടത്തിയത്. മുൻപ് ഇവർ ബിഹാർ,​ ജാർഗഡ്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാഴികളായിരുന്നു. അന്ന് നിർബന്ധിച്ചാണ് ഇവരെ ക്രിസ്‌ത്യൻ മതവിഭാഗത്തിലേക്ക് പരിവർത്തനം ചെയ്‌തതെന്ന് വി.എച്ച്.പി സംഘടന വ്യക്തമാക്കി.

മുൻപ് ഇവരെ നിർബന്ധിച്ചായിരുന്നു ക്രിസ്‌ത്യൻ മതവിഭാഗത്തിലേക്ക് മതപരിവർത്തനം ചെയ്‌തത്. എന്നാൽ, ഇപ്പോൾ ഇവരുടെ ഇഷ്ടത്തിനനുസരിച്ചാണ് പരിവർത്തനം നടത്തിയത്. ക്രിസ്‌ത്യാനികളാവാൻ ഇവർ നിർബന്ധിതരാവുകയായിരുന്നു. യഥാർത്ഥത്തിൽ അന്ന് ഈ വിഭാഗക്കാരെ ചൂഷണം ചെയ്യുകയായിരുന്നു. തേയിലത്തോട്ടം തൊഴിലാളികളായിരുന്നു ഇവരെന്നും ജാഗ്രാൻ മഞ്ച് പറഞ്ഞു.

രാജ്യത്ത് നടക്കുന്ന മതപരിവർത്തനങ്ങൾ നിയന്ത്രണ വിധേയമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'നിങ്ങൾ ഹിന്ദു ആണെങ്കിൽ ഹിന്ദു ആയിത്തനെ തുടരൂ, മുസ്‌ലിമാണെങ്കിൽ മുസ്‌ലിമായും, കൃസ്‌ത്യൻ ആണെങ്കിൽ കൃസ്‌ത്യനായും തുടരുക. എന്തിനാണ് മതപരിവർത്തനം ചെയ്യുന്നത്?'-രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡൽഹിയിൽ ഒരു ക്രിസ്‌ത്യൻ സംഘടന നടത്തിയ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹം പറഞ്ഞത്.

രാജ്യത്ത് വൻ തോതിൽ മതപരിവർത്തനം നടക്കുന്നുണ്ട്. മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ താൻ മതിക്കുന്നുവെന്നും എന്നാൽ, മതം മാറുന്നതിനു മുമ്പ് സംവാദങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സമാധാനത്തിന്റെ രാജ്യമാണെന്നും, സഹിഷ്‌ണതയോടെയാണ് എല്ലാ മതങ്ങളും ഇവിടെ കഴിഞ്ഞു പോരുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മതം മാറാൻ തയ്യാറായതാണെങ്കിൽ ആ തീരുമാനം ചോദ്യം ചെയ്യപ്പെടരുത്. എന്നാൽ, വലിയ തോതിലുള്ള മതപരിവർത്തനം ഉത്കണഠയുണ്ടാക്കുന്നതാണ്.