കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് താക്കീതുമായി ഹൈക്കോടതി. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതി താക്കീത് നൽകിയത്. ഒരു ബസ്സിന് അഞ്ച് കണ്ടക്ടർമാർ എന്ന അനുപാതത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ നിലവിലെ സ്ഥിതി. ഈ അവസരത്തിൽ കെ.എസ്.ആർ.ടി.സി ആരെയാണ് പേടിക്കുന്നതെന്ന് കോടതി ചോദിച്ചു. കണക്കുകൾ എല്ലാം കൃത്യമായിരിക്കണം, എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണമെന്നും കോടതി അറിയിച്ചു.
എം പാനലുകാരെ മാറ്റി നിർത്തിയിട്ടും കെ.എസ്.ആർ.ടി.സി ഓടുന്നില്ലേ എന്നും, പി.എസ്.സിക്കാരെ നിയമിച്ചിട്ടും കാര്യങ്ങൾ നടക്കുന്നില്ലേ എന്നും കോടതി ചോദിച്ചു. കെ.എസ്.ആർ.ടി.സിയിൽ പുന:ക്രമീകരണങ്ങൾ നടക്കുകയാണ്. ലാഭകരമല്ലാത്ത എല്ലാ ഷെഡ്യൂളുകളും വെട്ടിക്കുറക്കുകയാണെന്നും കോടതിയിൽ അറിയിച്ചു.ഇനി മുതൽ വരുന്ന ഒഴിവുകൾ കൃത്യമായി പി.എസ്.സിയെ അറിയിക്കുമെന്ന് കെ.എസ്.ആർ.ടി.കോടതിയിൽ പറഞ്ഞു.
എം പാനലുകാരെ കൊണ്ട് 480രൂപക്ക് പണിയെടുപ്പിക്കുന്നത് നിർബന്ധിത തൊഴിലെടുപ്പിക്കലാണ്. ഇത് സുപ്രീംകോടതി വിധിക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. ഇതല്ലാതെ വേറൊരു നിവർത്തിയില്ലെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി.അതേസമയം എം പാനൽ ജീവനക്കാർ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം തുടങ്ങിയിരിക്കുകയാണ്.