കോഴിക്കോട്: ബിസിനസ് ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ ഹീരാ ഗ്രൂപ്പ് മേധാവി ആന്ധ്ര സ്വദേശിനി നൗഹീറ ഷെയ്ഖ് കേരളത്തിൽ എത്തിയത് തട്ടിപ്പിന് വളക്കൂറുള്ള മണ്ണുതേടി. കോഴിക്കോട് ഫ്രാൻസിസ് റോഡിൽ 2012 അവസാനകാലത്താണ് അവർ 4.5 സെന്റ് സ്ഥലവും വീടും വിലയ്ക്കുവാങ്ങിയത്. തുടർന്ന് 2013ൽ ഹീരാ ഗോൾഡ് എക്സിം വഴി നിക്ഷേപങ്ങൾ സ്വീകരിച്ചു തുടങ്ങി. കോഴിക്കോട്, കണ്ണൂർ സ്വദേശികളായ 525 ആളുകൾ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയതായാണ് കേസിലെ രണ്ടാംപ്രതിയായ മാനേജർ മുഹമ്മദ് ഉമർ ബാക്കയ്യ ലൈ ഷെട്ടി പൊലീസിന് മൊഴി നല്കിയിരിക്കുന്നത്. 17 പേരിൽ നിന്നായി 2.5 കോടിയുടെ തട്ടിച്ചെന്ന് ചെമ്മങ്ങാട് പൊലീസ് കണ്ടെത്തികഴിഞ്ഞു.കേരളത്തിൽ ഇവരുടെ പ്രവർത്തനങ്ങൾക്ക് യാതൊരു രജിസ്‌ട്രേഷനും ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
മഹാരാഷ്ട്രയിലും തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലുമായി ബിസിനസ് നടത്തിവരുന്ന ഗ്രൂപ്പ് കേരളത്തിലും പലിശ വാങ്ങുന്നത് തെറ്റായിക്കാണുന്നവരെയാണ് ചൂഷണം ചെയ്തത്. തങ്ങൾ പലിശയല്ല ബിസിനസ് ചെയ്തുലഭിക്കുന്ന ലാഭവിഹിതമാണ് നിക്ഷേപങ്ങൾക്ക് നല്കുന്നതെന്നാണ് ഇവർ പ്രചരിപ്പിച്ചത്. ഹീര ഗ്രൂപ്പിന് കീഴിൽ സ്വർണം, ടെക്െ്രസ്രെൽസ്, ഭക്ഷ്യോത്പന്നങ്ങൾ, ശുദ്ധജല വിതരണം തുടങ്ങി നിരവധി ബിസിനസുകൾ നടക്കുന്നുണ്ടെന്നും വലിയ ലാഭം നേടുന്ന കമ്പനികളാണെന്നുമാണ് പ്രചരിപ്പിച്ചത്.
ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് 3000 രൂപ മുതൽ 4500 രൂപ വരെ പ്രതിമാസം ലാഭവിഹിതം ഓഫർ നല്കിയതോടെ ആളുകൾ നിക്ഷേപിക്കാൻ കൂട്ടമായെത്തി. കോഴിക്കോട്ട് നിക്ഷേപകരെ ആകർഷിക്കാനായി നൗഹീറ നേരിട്ടെത്തി ആഢംബര പാർട്ടികൾ നടത്തിയിരുന്നു. 2018 മേയ് വരെ ലാഭവിഹിതം നിക്ഷേപകർക്ക് നല്കിയിരുന്നു. പിന്നീട് പണം ലഭിക്കാതായതോടെയാണ് സംശയം തോന്നുന്നത്. അതാേടെ നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഹീര ഗ്രൂപ്പ് നിക്ഷേപങ്ങൾക്ക് നൽകിയ സർട്ടിഫിക്കറ്റ് മാത്രമാണ് പലരുടെയും കൈയിൽ ഉണ്ടായിരുന്നത്. പൊലീസ് അന്വേഷണത്തിലാണ് മഹാരാഷ്ട്രയിലും തെലുങ്കാനയിലും ഇവർക്കെതിരെ കേസുകളുണ്ടെന്നും ഗ്രൂപ്പ് മേധാവി നൗഹീറ മഹാരാഷ്ട്രയിൽ അറസ്റ്റിലാണെന്നും അറിഞ്ഞത്. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമം ചെമ്മങ്ങാട് പൊലീസ് നടത്തിയെങ്കിലും ഇതിനിടെ അവർ കേരളത്തിലെ കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യംനേടിയിരുന്നു. ഗ്രൂപ്പിന്റെ കേരളത്തിലെ അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.
സ്വർണം ഇറക്കുമതിയും കയറ്റുമതിയും ചെയ്തുകൊണ്ടായിരുന്നു ഹീരാ ഗോൾഡ് പ്രവർത്തനം തുടങ്ങിയത്. സ്വർണവ്യാപാരം, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലൂടെ കൂടുതൽ സമ്പാദ്യം നടത്തിയ നൗഹീറ അടിപൊളിജീവിതമാണ് നയിച്ചിരുന്നതെന്ന് പറയുന്നു. വൻകിട നഗരങ്ങളിൽ നടക്കുന്ന കലാകായിക മാമാങ്കങ്ങൾക്ക് ലക്ഷങ്ങൾ സംഭാവന ചെയ്തിരുന്നു. താര രാജാക്കന്മാരുമൊത്ത് സൗഹൃദം പങ്കിടുന്നതും നൗഹീറയുടെ ഹോബിയാണെന്നാണ് പറയുന്നത്. അതേസമയം തട്ടിപ്പിന് പിന്നിൽ വലിയ പ്രമുഖരുടെ ഇടപെടലുണ്ടോയെന്നും സംശയമുണ്ട്.പരാതിയുമായി എത്തുന്നവരെ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയും നൗഹീറയ്‌ക്കെതിരെയുണ്ട്. പരാതി നൽകിയാൽ നിക്ഷേപം പോലും തിരിച്ചു കിട്ടില്ലെന്നാണ് ഭീഷണി.
ചെമ്മങ്ങാട് പൊലീസ് അന്വേഷിക്കുന്ന കേസിൽ 2 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയതിനാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഇതുസംബന്ധിച്ച റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയതായി ചെമ്മങ്ങാട് പൊലീസ് അറിയിച്ചു.