ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനം ചോദ്യം ചെയ്‌ത് കൊണ്ടുള്ള പുനപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രീം കോടതി. പുനപരിശോധനകൾ എപ്പോൾ പരിഗണിക്കണമെന്ന് പറയാനാകില്ല. ഇപ്പോൾ അവധിയിലുള്ള ജസ്റ്റിസ് ഇന്ദു മൽഹോത്ര തിരികെ വന്നതിന് ശേഷം തീയതി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സെപ്തംബർ 28 ലെ വിധിക്കെതിരായ 50ലേറെ പുനഃപരിശോധനാ ഹർജികൾ അടക്കം കോടതിയുടെ മുന്നിലുണ്ട്.
പുനഃപരിശോധനാ ഹർജികൾ ഇന്ന് പരിഗണിക്കുമെന്ന കാര്യം കോടതിയിൽ അഭിഭാഷകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞത്. മുൻ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദു മൽഹോത്ര യുവതി പ്രവേശനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നിലവിൽ ഈ മാസം മുപ്പത് വരെ മെഡിക്കൽ അവധിയിലാണ് ഇന്ദു മൽഹോത്ര. അൻപതിലധികം പുനഃപരിശോധനാ ഹർജികൾ, ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി, ഹൈക്കോടതി ഇടപെടലിനെതിരായ സംസ്ഥാന സർക്കാരിന്റെ ട്രാൻസ്ഫർ ഹർജി, കോടതിയലക്ഷ്യ ഹർജി, വിധിക്കെതിരായ റിട്ട് ഹർജികൾ എന്നിവ ബെഞ്ചിന്റെ മുന്നിലുണ്ട്.