manju-warrier

മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യർ ഇനി തമിഴിലേക്ക്. രണ്ടാം വരവിൽ തമിഴിലേക്കും ചുവടുറപ്പിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസറ്റാർ. മഞ്ജുവിന്റെ അരങ്ങേറ്റം തമിഴ് സൂപ്പർസ്റ്രാർ ധനുഷിനൊപ്പമാണെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇക്കാര്യത്തെ കുറിച്ച് ധനുഷ് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ധനുഷിന്റേതായി ഏറ്റവും ഒടുവിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് 'അസുരൻ'. സംവിധായകൻ വെട്രിമാരനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ധനുഷ് വെട്രിമാരൻ കൂട്ടുകെട്ടിൽ ഇനി പ്രഖ്യാപിക്കുന്നത് വടചെന്നൈയുടെ രണ്ടാം ഭാഗമാണെന്നായിരുന്നു പ്രേക്ഷകർ കുതിയത് എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചായിരുന്നു അസുരന്റെ പ്രഖ്യാപനം. ചിത്രത്തിലെ നായികയെയോ മറ്റ് കഥാപാത്രത്തെയോ കുറിച്ചോ ഒരു വിവരവും പുറത്ത് വിട്ടിരുന്നില്ല. ഈ അവസരത്തിലാണ് ധനുഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

'താരത്തിൽ നിന്ന് കൂടുതൽ പഠിക്കാനും അഭിനയിക്കാനും ആവേശത്തോടെ കാത്തിരിക്കുകയാണെ'ന്നും ധനുഷ് ഫേസ്ബുക്കിൽ കുറിച്ചു.

'ഹൗ ഓൾഡ് ആർ യു' എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവ് പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തിരിച്ചുവരവിന് ശേഷം കൈനിറയെ കഥാപാത്രങ്ങളായിരുന്നു മഞ്ജുവിന് ലഭിച്ചത്. സ്ത്രീ പ്രാധാന്യമുള്ള ഏറെ കഥാപാത്രങ്ങളും താരം ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. മോഹൻലാലിനൊപ്പം അഭിനയിച്ച ഒടിയനാണ് മഞ്ജുവിന്റേതായി അവസാനമായി തീയേറ്ററുകളിലെത്തിയത്. സന്തോഷ് ശിവന്റെ ജാക്ക് ആന്റ് ജിൽ, മലയാളത്തിന്റെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ:അറബിക്കടലിന്റെ സിംഹം, നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്നീ ചിത്രങ്ങളിലും മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. കൂടാതെ മഞ്ജുവിന്റെ ആദ്യത്തെ തമിഴ് ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

actor-dhanush

ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രങ്ങൾ തമിഴ് സിനിമാ ലോകത്തിന് സംഭാവന ചെയ്തിട്ടുള്ളത് വ്യത്യസ്താനുഭവങ്ങളായിരുന്നു. മാസ് സിനിമയിൽ ആരംഭിച്ച് ക്ലാസ് സിനിമയുടെ മേഖലകളിലേക്ക് കടക്കുന്ന വെട്രിയുടെ ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. വെട്രി ധനുഷ് കൂട്ടുകെട്ടിൽ പിറന്ന ആടുകളം മികച്ച നടനുള്ള ദേശീയ അവർഡ് ഉൾപ്പെടെ നിരവധി അവാർഡുകളാണ് കരസ്ഥമാക്കിയത്. അസുരന് പുറമെ ഇനി ഈ കൂട്ടുകെട്ടിലേതായി പ്രേക്ഷകർ കാത്തിരിക്കുന്നത് വടചെന്നൈ രണ്ടാം ഭാഗമാണ്. എന്തായാലും ധനുഷിന്റെ അസുര താണ്ഡവത്തിൽ മഞ്ജുവിന്റെ തമിഴ് മൊഴിക്കായി കാത്തിരിക്കാം..