kerala-

ന്യൂഡൽഹി: ഇന്ത്യയിലെ മൊത്തം സൗരോർജ ഉത്‌പാദനത്തിൽ 50 ശതമാനം പങ്കും വഹിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നിവയാണ് ഇന്ത്യയിൽ സോളാർ ഉപയോഗിച്ച് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ.മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ച് സൗരോർജം ഉത്‌പാദിപ്പിക്കുന്നതിൽ കേരളത്തിന്റെ സ്ഥാനം പിൻനിരയിലാണ്. മൊത്തം 48 മെഗാവാട്ടാണ് ഈയിനത്തിൽ കേരളത്തിന്റെ ഉത്‌പാദനം. ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്‌ട്ര 473 മെഗാവാട്ടാണ് മേൽക്കൂരയിൽ നിന്നുത്‌പാദിപ്പിക്കുന്നത്. തമിഴ്‌നാട് (312 മെഗാവാട്ട്), രാജസ്ഥാൻ (270 മെഗാവാട്ട്), ഉത്തർപ്രദേശ് (223 മെഗാവാട്ട്), ഗുജറാത്ത് (220 മെഗാവാട്ട്) എന്നിവയാണ് മുൻനിരയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.

38.4 ജിഗാവാട്ട് സൗരോർജം ഉത്‌പാദിപ്പിക്കാനുള്ള ശേഷി ആന്ധ്രയ്ക്കുണ്ട്. നിലവിൽ ഉത്പാദനം 2,165 മെഗാവാട്ടാണ്. സംസ്ഥാനത്തിന്റെ ഉത്‌പാദനശേഷിയുടെ അഞ്ച് ശതമാനമാണ് ഇതെങ്കിലും, രാജ്യത്തെ മൊത്തം ഉത്‌പാദത്തിന്റെ 13 ശതമാനമാണ്. 24.7 ജിഗാവാട്ടാണ് കർണാടകയുടെ ഉത്‌പാദനശേഷി. നിലവിൽ ഉത്‌പാദനം 4,100 മെഗാവാട്ട്. സംസ്ഥാനത്തിന്റെ ശേഷിയുടെ രണ്ടു ശതമാനം മാത്രമാണിത്. എന്നാൽ, രാജ്യത്തെ മൊത്തം ഉത്‌പാദനത്തിന്റെ 24 ശതമാനവും നടക്കുന്നത് കർണാടകയിലാണ്.

ഇന്ത്യയുടെ മൊത്തം ഉത്‌പാദനത്തിന്റെ 17.5 ശതമാനമാണ് തെലങ്കാനയുടെ സംഭാവന. തമിഴ്‌നാട് പതിനൊന്ന് ശതമാനം പങ്കും വഹിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 14 ശതമാനം ഉത്‌പാദന പങ്കുമായി രാജസ്ഥാൻ ആണ് മുന്നിലുള്ളത്. മഹാരാഷ്‌ട്ര - നാല് ശതമാനം, മദ്ധ്യപ്രദേശ് - ഏഴ് ശതമാനം, ഗുജറാത്ത് - എട്ട് ശതമാനം, ഉത്തർപ്രദേശ് - മൂന്ന് ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ സംഭാവന.

175 ജിഗാവാട്ട്

സോളാർ,​ കാറ്റാടി തുടങ്ങിയവ മുഖേന 2022ഓടെ രാജ്യത്ത് 175 ജിഗാവാട്ട് ഊർജോത്പാദനമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. 2018 നവംബറിലെ കണക്കനുസരിച്ച് ഉത്‌പാദനം 74.8 ജിഗാവാട്ടാണ്. 2014 നവംബറിൽ ഇത് 36.5 ജിഗാവാട്ടായിരുന്നു.