കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ അടുത്ത മാസം നടത്താനിരുന്ന മെഗാ റാലി ബി.ജെ.പി റദ്ദാക്കി. പശ്ചിമ ബംഗാളിലെ വിവിധ ഇടങ്ങളിലായി മറ്റ് റാലികളിൽ പങ്കെടുക്കുന്നതിനാലാണ് മെഗാ റാലി റദ്ദാക്കിയതെന്നാണ് വിശദീകരണം. ഫെബ്രുവരി എട്ടിനായിരുന്നു റാലി നടത്താനിരുന്നത്. അതേസമയം, ഇതേ ദിവസം അസൻസോളിൽ സംഘടിപ്പിക്കുന്ന റാലിയിൽ മോദി പങ്കെടുക്കും.
ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷാണ് കൊൽക്കത്ത റാലി റദ്ധാക്കിയ വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ മൂന്ന് റാലികൾ അഭിസംബോധന ചെയ്യുമെന്നും ജനുവരി 28 ന് ബൊൻഗാവോണിലെ താക്കൂർ നഗറിലാണ് ആദ്യ റാലിയെന്നുമാണ് അദ്ദേഹം അറിയിച്ചത്. ഫെബ്രുവരി 2ന് ഉത്തര ബംഗാളിലെ സിലിഗുരിയിൽ നടക്കുന്ന റാലിയിലും അദ്ദേഹം സംസാരിക്കും.
കഴിഞ്ഞ ദിവസം ബ്രിഗേഡ് പരേഡ് മൈതാനത്ത് മുഖ്യമന്ത്രി മമത ബാനർജി ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കക്ഷികളുടെ വൻ ഐക്യ റാലി സംഘടിപ്പിച്ചിരുന്നു.