cbi-interim-director

ന്യൂഡൽഹി: സി.ബി.ഐയിൽ വൻ സ്​ഥലംമാറ്റങ്ങളുമായി ഇടക്കാല ഡയറക്​ടർ നാഗേശ്വര റാവു. 2ജി അഴിമതി​, തൂത്തുക്കുടിയിലെ സ്​​റ്റെർലൈറ്റ്​ വെടിവയ്പ്പ്​​ തുടങ്ങിയ കേസുകളുടെ അന്വേഷണ ഉദ്യോഗസ്​ഥർ അടക്കം ഇരുപതോളം പേരെയാണ്​ ഒറ്റയടിക്ക്​ സ്​ഥലം മാറ്റിയത്​. 2ജി കേസ്​ അന്വേഷിക്കുന്ന, ഡൽഹി അഴിമതിവിരുദ്ധ വിഭാഗത്തിലെ വിവേക്​ പ്രിയദർശനിയെ ചണ്ഡിഗഢിലേക്ക്​​ മാറ്റി​. പുതിയ സി.ബി.ഐ മേധാവിയെ നിയമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേരാനിരിക്കെയാണ് നിർണായക സ്ഥലം മാറ്റം.

അതേസമയം, കോടതി പ്രത്യേക നിർദേശപ്രകാരം ഏതെങ്കിലും കേസിൽ അന്വേഷണം നടത്തുന്നതോ മേൽനോട്ടം വഹിക്കുന്നതോ ആയ ഉദ്യോഗസ്​ഥരെ പ്രസ്​തുത കേസുകളുടെ ചുമതലയിൽനിന്ന്​ മാറ്റിയിട്ടില്ല. 13 പേരുടെ മരണത്തിനിടയാക്കിയ തൂത്തുക്കുടി സ്​​റ്റെർലൈറ്റ്​ വെടിവെപ്പു കേസ്​ അന്വേഷിക്കുന്ന എ. ശരവണനെ മുംബയിലേക്കും ബാങ്കിംഗ്, ഒാഹരി വെട്ടിപ്പ്​ കേസുകൾ അന്വേഷിക്കുന്ന വിഭാഗത്തിലേക്കും മാറ്റി. എന്നാൽ സ്​​റ്റെർലൈറ്റ്​ കേസ് അന്വേഷിക്കുക ഇദ്ദേഹം തന്നെ ആയിരിക്കും. ഇതിനിടെ, നാഗേശ്വര റാവുവി​ന്റെ നിയമനം നിയമപ്രകാരമല്ലെന്ന്​ ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി 24ന്​ വാദം കേട്ടേക്കും.