തായ്പെയ്: ജീവനുള്ള എലികളെ കാലിൽ കെട്ടിവച്ച് കടത്താൻ ശ്രമിച്ച തായ്വാൻ സ്വദേശിനിയെ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തു. ഇരുപത്തിനാല് എലികളെയാണ് ഇവർ കടത്താൻ ശമിച്ചത്. ശരീരത്തോട് ഒട്ടിച്ചേർന്നുകിടക്കുന്ന ജീൻസ് ധരിച്ചശേഷം അതിമുകളിൽ പ്രത്യേക ഉറകളിലാക്കി എലികളെ കെട്ടിവച്ചു. ഇതിനുമുകളിൽ പാവാട അണിഞ്ഞായിരുന്നു യുവതി നടന്നിരുന്നത്. കണ്ടാൽ ആർക്കും പ്രശ്നമൊന്നും തോന്നില്ല.
വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കുന്നതിനിടെ യുവതിയുടെ നടത്തത്തിൽ പന്തികേടുതോന്നിയ അധികൃതർ ചോദ്യംചെയ്തെങ്കിലും വ്യക്തമായ ഉത്തരമൊന്നും പറഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് എലികളെ കണ്ടെത്തിയത്. പ്രശ്നമൊന്നുമില്ലാതെ കഴിയാനാകുന്ന കൂടുകളിലാണ് എലികളെ ഒളിപ്പിച്ചിരുന്നത്. സുഹൃത്തുക്കൾക്കുവേണ്ടി കടത്തുകയായിരുന്നു എന്നാണ് ഇവർ അധികൃതരോട് പറഞ്ഞത്. ചൈനയിൽ നിന്നാണ് എലികളെ കാലിൽ കെട്ടിവച്ചത്.
ചൈനയിൽ അരുമകളായി വളർത്തുന്ന എലികൾക്ക് വിലക്കുറവുണ്ട്. ഇത് മറ്റുരാജ്യങ്ങളിൽ എത്തിച്ചാൽ വൻ വില ലഭിക്കും. പണം മോഹിച്ചാണ് കടത്ത് എന്നാണ് അധികൃതർ പറയുന്നത്. നിരവധി തവണ എലികളെയും മറ്റും കടത്തിയിട്ടുണ്ടെന്നും ഇവർ സമ്മതിച്ചു. വൻ കള്ളക്കടത്തുസംഘത്തിലെ കണ്ണിയാണ് യുവതി എന്നാണ് കസ്റ്റംസ് അധികൃതർ സംശയിക്കുന്നത്.