രാഹുലിന് ഞെട്ടലും പരിഭ്രമവും അത്ഭുതവും ഒന്നിച്ചുണ്ടായി.
അതിസുന്ദരിയാണ് മരിയ ഫെർണാണ്ടസ്. മറ്റൊരു അവസരത്തിലായിരുന്നെങ്കിൽ താൻ വാതിലടച്ച് ഇവളെ കീഴ്പ്പെടുത്തിയേനെ....
പക്ഷേ ഇപ്പോൾ....
ശത്രുപക്ഷത്ത് സാക്ഷാൽ മുഖ്യമന്ത്രിയാണ്. ഒരു ഉറുമ്പിനെപ്പോലും സൂക്ഷിച്ചേ പറ്റൂ....
കണ്ണുകളും കാതുകളും സദാ നേരവും തുറന്നുവച്ച് ജാഗ്രതയോടെ ഇരുന്നേ മതിയാകൂ....
തന്റെ മനസ്സിലടിച്ച അപകടത്തിന്റെ ചൂര് പക്ഷേ പുറത്തുകാട്ടിയില്ല രാഹുൽ.
അവളെ കൗതുകത്തോടെ നോക്കിക്കൊണ്ട് നേർത്ത ചിരിയോടെ അവനിരുന്നു.
അടച്ച വാതിലിന്റെ പാളിയിൽ ചാരി അവൾ ഒരു പ്രത്യേക ഭാവത്തിൽ അവനെ നോക്കി.
ഒരു സുന്ദരിപ്പെണ്ണ് മുറിയിൽ വന്ന് ഇങ്ങനെ നിന്നിട്ടും സാറെന്താ അനങ്ങാതിരിക്കുന്നത്?"
അവൾ കീഴ്ചുണ്ടിൽ പല്ലമർത്തി.
''അതോ.." രാഹുൽ ഒന്നിളകിയിരുന്നു. ഞാൻ നിന്നെ കാണുകയായിരുന്നു... നിന്നെപ്പോലെ ഒരു സുന്ദരി ഇതു പോലെ എന്റെ മുന്നിൽ വന്നിട്ടില്ല..."
അവൾ തലയിളക്കിയപ്പോൾ മുടിയിഴകൾ ഇളകി.
''എന്നെ എങ്ങനെയാ പരിചയം?" രാഹുൽ തിരക്കി.
മരിയ ഫെർണാണ്ടസ് വശ്യമായി ചിരിച്ചു.
''ഏതാനും ദിവസമായി ഞാനും ഉണ്ടായിരുന്നു ഇവിടെ. എന്റെയൊരു ലേഡി സുഹൃത്തിന് കോവളത്തുവച്ച് ഒരാക്സിഡന്റു പറ്റി. ഒരു ബൈക്ക് വന്നിടിച്ചതാണ്. അവളും ഐ.സി.യുവിൽ ഉണ്ട്..."
രാഹുൽ മൂളി.
മരിയ തുടർന്നു:
''രാഹുലിനെക്കുറിച്ച് ഞാൻ മറ്റുള്ളവരോടു തിരക്കി. അങ്ങനെയാണ് മുൻ മന്ത്രിയുടെ മകനാണെന്നും മറ്റും അറിഞ്ഞത്. ഒന്നു പരിചയപ്പെട്ടിരിക്കാം എന്നു കരുതി... ഒരാവശ്യം വന്നാൽ സപ്പോർട്ടു കിട്ടുമല്ലോ..."
''അത് നന്നായി." അവൻ സമ്മതിച്ചു.
''ഹോ... എന്തോ കടിച്ചല്ലോ..."
അവൾ ടീ ഷർട്ടിന്റെ മുകൾ ഭാഗം ഇത്തിരി മുകളിലേക്കുയർത്തി.
അരളിപ്പൂവിന്റെ നിറമുള്ള വയറും പൊക്കിൾച്ചുഴിയും അവൻ കണ്ടു...
അവൻ നോക്കുന്നു എന്നു കണ്ടപ്പോൾ നാണം ഭാവിച്ച് അവൾ ഷർട്ടു താഴ്ത്തി...
''എന്തൊരു നോട്ടമാ ഇത്?"
''ഇങ്ങനെ ഒരു ചോദ്യം ഒരിക്കലും ഒരു വിദേശ യുവതി ചോദിക്കാറില്ലാത്തതാണല്ലോ. കാരണം അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് ബീച്ചുകളിലും പരിസരത്തെ റോഡുകളിലും നടക്കുന്ന നിങ്ങൾക്കൊക്കെ നാണം ഉണ്ടാവാറില്ലല്ലോ..."
മരിയയുടെ കണ്ണുകൾ ഒന്നിടുങ്ങി. എങ്കിലും പൊട്ടിച്ചിരിച്ചു.
''രാഹുൽ പെട്ടെന്നു ഗൗരവത്തിലായി.
''ഞാൻ നിന്നെ നോക്കിയത് മറ്റൊരു കാര്യത്തിനാണ്. നിന്റെ വയറ്റത്ത് എവിടെ ഒരു ബുള്ളറ്റ് തറപ്പിക്കണമെന്ന്."
അവൻ പെട്ടെന്ന് പിസ്റ്റൾ എടുത്തു.
മരിയ നടുങ്ങി.
''എന്താ ഇങ്ങനെ?"
''നിന്നെ ഇവിടേക്ക് അയച്ചവരുണ്ടല്ലോ... ആ സെക്കൻഡിൽ എന്നോടു വിവരം പറഞ്ഞിരുന്നു... നിന്നെ കൊല്ലണമെന്നല്ല മാരകമായ മുറിവേല്പിക്കാൻ പിന്നെ നീ 'കോമ"യിൽ നിന്നു മാറരുതെന്ന്, എങ്കിലേ ഞങ്ങളുടെ ഒരാൾക്ക് നിന്റെ വൃക്കകൾ കൊണ്ട് പ്രയോജനമുണ്ടാകൂ.
ഒരു നമ്പരിട്ടു നോക്കിയതാണ് രാഹുൽ. പക്ഷേ അതേറ്റു!
വിളറിപ്പോയി മരിയ...
അവൾ വെട്ടിത്തിരിഞ്ഞ് വാതിൽ തുറക്കാനാഞ്ഞു.
''നിൽക്കെടീ അവിടെ.."
രാഹുൽ കുതിച്ചെഴുന്നേറ്റു.
മരിയ നിന്നു.
അവൻ അവളുടെ തൊട്ടടുത്തെത്തി. പിന്നെ പിസ്റ്റളിന്റെ ബാരൽ തോളിൽ കുത്തി.
''നീ ഇവിടെ വന്ന് എത്ര സമയം കഴിയുമ്പോൾ പോലീസ് എത്തുമെന്നാണ് അവർ പറഞ്ഞിരുന്നത്?"
മരിയ അമ്പരന്നു.
എല്ലാം കൃത്യമായി ഇയാൾ അറിഞ്ഞിരിക്കുന്നു!
അതിനർത്ഥം ഇയാൾ പറഞ്ഞതു മുഴുവൻ സത്യമാണെന്നാണ്!
''എന്താടീ അവർ അങ്ങനെ പറഞ്ഞില്ലേ?" രാഹുലിന് ദേഷ്യം വന്നു.
''പറഞ്ഞു.."
അവളുടെ ചുണ്ടനങ്ങി:
''അര മണിക്കൂർ കഴിഞ്ഞെന്ന്."
രാഹുൽ മൊബൈലിൽ നോക്കി.
''അപ്പോൾ ഇനിയുമുണ്ട് ഇരുപതു മിനിട്ട്. അത് ധാരാളം."
മരിയയ്ക്കു മനസിലായില്ല.
''ഇനി നീ അവർ പറയുന്നതല്ല, ഞാൻ പറയുന്നതാണ് കേൾക്കുന്നത്. കാരണം ഇവിടെ നടന്നതും നീ പറഞ്ഞതും മുഴുവൻ എന്റെ ഈ സെൽഫോണിലുണ്ട്.."
അവൻ അത് പറഞ്ഞുനിർത്തിയ നിമിഷം വാതിലിൽ ആരോ തട്ടി...
(തുടരും)