ലോകത്തെ ഏറ്റവും ദുരൂഹത നിറഞ്ഞ സ്ഥലമേതാണെന്ന് ചോദിച്ചാൽ ഉത്തരമൊന്നേയുള്ളൂ. അത് പടിഞ്ഞാറൻ അമേരിക്കയിലെ നെവാഡയിൽ സ്ഥിതിചെയ്യുന്ന ഏരിയ 51 എന്ന രഹസ്യ ഇടമാണ്. അമേരിക്കയുടെ രഹസ്യ ശാസ്ത്രപരീക്ഷണങ്ങളുടെയെല്ലാം കേന്ദ്രമാണിവിടം.
1955ലാണ് അമേരിക്കൻ വ്യോമസേന ഇവിടെ സൈനികകേന്ദ്രം ആരംഭിക്കുന്നത്. പിന്നീട് അക്ഷരാർത്ഥത്തിൽ ഇതൊരു പരീക്ഷണശാലയായി മാറുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റിനു പോലും അനുവാദമില്ലാതെ ഇവിടേക്കു പ്രവേശനമില്ലത്രെ! ഏരിയ-51ന്റെ നിയന്ത്രണം കൈയാളുന്നത് ഉന്നതരായ ശാസ്ത്രജ്ഞരാണ്. ഏരിയ-51ന്റെ ഏഴയലത്തു പോലും പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
ഒരു ഉപഗ്രഹ ചിത്രമല്ലാതെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന മറ്റു ചിത്രങ്ങളൊന്നും ലഭ്യമല്ല എന്നതു തന്നെ ഈ പ്രദേശത്തിന്റെ നിഗൂഢതയ്ക്കു തെളിവാണ്. ഏരിയ-51നെ ചൂഴ്ന്നു നിൽക്കുന്ന ഏറ്റവും വലിയ അഭ്യൂഹം അന്യഗ്രഹ ജീവികൾ ഇവിടെ വന്നിറങ്ങിയിട്ടുണ്ടെന്നതാണ്. ഇവിടെ വന്നിറങ്ങിയ അന്യഗ്രഹജീവികളെ ശാസ്ത്രജ്ഞർ തടവിലാക്കിയെന്നും അവരെ വച്ച് പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും കഥകളുണ്ട്.
ഏരിയ-51ലെ അന്യഗ്രഹജീവികളുടെ സാന്നിദ്ധ്യം സംബന്ധിച്ച രേഖകൾ പുറത്തുകൊണ്ടുവരാൻ പല സംഘടനകളും ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. അമേരിക്കയുടെ കൈവശമുള്ള രഹസ്യായുധങ്ങളുടെ പരീക്ഷണവേദിയും ഇവിടമാണ്. റഷ്യയുമായി ശീതയുദ്ധം നിലനിന്ന കാലത്താണ് ഏരിയ-51 കേന്ദ്രമാക്കിയുള്ള പരീക്ഷണങ്ങൾ അമേരിക്ക കൂടുതൽ ഊർജിതമാക്കിയത്.