കഥകളും സിനിമകളും പിന്നെ കുറച്ചു സങ്കല്പങ്ങളുമൊക്കെയായി ചെകുത്താനെക്കുറിച്ച് നമുക്കൊരു ഏകദേശ ഐഡിയ ഉണ്ടാകും. പക്ഷേ, അതിനേക്കാൾ ഭയപ്പെടുത്തുന്ന മുഖമുള്ള ഒരാൾ പസഫിക് സമുദ്രത്തിനടിയിലുണ്ട്. സർക്കാസ്റ്റിക് ഫ്രിഞ്ച് ഹെഡ് എന്ന സമുദ്രജീവിയ്ക്കാണ് കാഴ്ചയിൽ തന്നെ പേടിയാകുന്ന മുഖമുള്ളത്.
ആദ്യംകാണുമ്പോൾ ഒരു സാധാരണ പാവം മത്സ്യമാണെന്നേ കരുതൂ. അധികം ദൂരേക്കൊന്നും പോകാതെ പാറക്കൂട്ടങ്ങൾക്കിടയിലാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. പക്ഷേ, തങ്ങളുടെ നിയന്ത്രണരേഖയ്ക്ക് ഉള്ളിൽ കിട്ടുന്ന ഒന്നിനെയും ഈ രാക്ഷസൻ ജീവി വെറുതെ വിടാറില്ല. തങ്ങളുടെ നിശ്ചിത പരിധിയ്ക്കുള്ളിൽ ഏതുജീവിയെത്തിയാലും ഇവ ചാടിവീണ് ആക്രമിക്കും.
ആക്രമിക്കാൻ പോകുന്ന ജീവിയുടെ വലുപ്പമോ കരുത്തോ ഒന്നും കക്ഷിയ്ക്കൊരു പ്രശ്നമേയല്ല. നല്ല വേട്ടക്കാർകൂടിയാണ് സർക്കാസ്റ്റിക് ഫ്രിഞ്ച് ഹെഡ്. ആക്രമണകാരികളാകുമ്പോഴാണ് ഇവയുടെ രൂപത്തിൽ പ്രകടമായ മാറ്റംവരുന്നത്. വായയുടെ ഇരു വശവും വിടരുകയും കൂർത്ത പല്ലുകളും പേടിപ്പെടുത്തുന്ന മുഖവുമായിമാറും. പേടിപ്പിക്കുക മാത്രമല്ല കൂർത്ത പല്ലുകൾ ഉപയോഗിച്ച് ശത്രുവിന്റെ ശരീരത്തിൽ ആഞ്ഞു കടിക്കുകയും ചെയ്യുമത്രെ! യുഎസിലെ സാൻഫ്രാൻസിസ്കോ മുതൽ മെക്സികോയിലെ ബെജാ കലിഫോർണിയ വരെയുള്ള പ്രദേശത്ത് തീരത്തു നിന്ന് അധികം അകലയല്ലാതെയാണ് ഇവ കാണപ്പെടുന്നത്.