mohanlal-prithviraj

മലയാള സിനിമയിൽ ഇന്നുകാണുന്ന ഇതിഹാസമായി മോഹൻലാൽ എന്ന നടൻ മാറിയിട്ടുണ്ടെങ്കിൽ കാരണം ഒന്നേയുള്ളുവെന്ന് യുവസൂപ്പർതാരം പൃഥ്വിരാജ്. ലാലിനെ നായകനാക്കി താൻ ഒരുക്കുന്ന ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു പൃഥ്വി. സംവിധാനം ചെയ്‌ത ആദ്യ ചിത്രത്തിൽ തന്നെ നായകനായി മോഹൻലാൽ എത്തിയതിൽ വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞ പൃഥ്വി തന്നെക്കൊണ്ട് സാധിക്കാവുന്നതെല്ലാം ലൂസിഫറിനായി ചെയ്‌തിട്ടുണ്ടെന്നും വ്യക്തമാക്കി.

mohanlal-prithviraj

'മോഹൻലാലിനെ വച്ച് ഒരു സിനിമ ചെയ്യുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം പൂർണമായും അവിടെയുണ്ടാകും. നമുക്കെന്താണ് അദ്ദേഹത്തിൽ നിന്നും വേണ്ടതെന്ന് അദ്ദേഹത്തിന് അറിയണം. സംവിധായകന്റെ മനസിലുള്ളത് കിട്ടിയെന്ന് ഉറപ്പാക്കുന്നതിൽ അദ്ദേഹം വളരെ ശ്രദ്ധാലുവാണ്. ഇന്നത്തെ ഈ ഇതിഹാസമായി അദ്ദേഹം മാറിയതിന്റെ പിന്നിൽ അതു തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാലാവുന്നതെല്ലാം ലൂസിഫറിനായി ഞാൻ ചെയ്തിട്ടുണ്ട്.' പൃഥ്വി പറഞ്ഞു.

mohanlal-prithviraj

കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപിലെ അവസാന രംഗവും ചിത്രീകരിച്ചു കഴിഞ്ഞതായി അറിയിച്ച് പൃഥ്വി സന്തോഷം സോഷ്യൽ മീഡിയിൽ പങ്കുവച്ചത്. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സ്‌റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായാണ് ലാൽ എത്തുക. മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ,നൈല ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളാണ്.