തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിൽ തിരിമറി സാദ്ധ്യമാണെന്നും അങ്ങനെയാണ് 2014ൽ ബി.ജെ.പി ഇന്ത്യയിൽ അധികാരത്തിലെത്തിയതെന്നും ‘സൈബർ വിദഗ്ദ്ധൻ’എന്ന് അവകാശപ്പെട്ട് സയീദ് ഷൂജ എന്നയാൾ ലണ്ടനിൽ നടത്തിയ വെളിപ്പെടുത്തൽ രാഷ്‌ട്രീയ കോളിളക്കത്തിനൊപ്പം വോട്ടർമാരുടെ മനസിൽ ആശങ്കയും സൃഷ്‌ടിച്ചിരിക്കയാണ്.
ഇന്ത്യയിൽ നാല് പതിറ്റാണ്ടായി ഇലക്‌ട്രോണിക് വോട്ടിംഗ്
യന്ത്രം ഉപയോഗിക്കുന്നുണ്ട്. വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ രാഷ്‌ട്രീയ കക്ഷികൾ ഉൾപ്പെടെ ചോദ്യം ചെയ്യുകയും യന്ത്രത്തിൽ തിരിമറി ആരോപിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ കക്ഷികളെല്ലാം യന്ത്രത്തിലെ ഫലം അംഗീകരിക്കുന്നതാണ് പിന്നീട് കണ്ടത്. യന്ത്രത്തിന്റെ കൃത്യതയിൽ ഇലക്‌ഷൻ കമ്മിഷൻ ഉറച്ചു നിൽക്കുകയും തിരിമറി ആരോപണങ്ങളെ തള്ളിക്കളയുകയുമാണുണ്ടായത്. തിരിമറി നടത്താമെന്ന് തെളിയിക്കാനുള്ള ഇലക്‌ഷൻ കമ്മിഷന്റെ വെല്ലുവിളി ആരും സ്വീകരിച്ചതുമില്ല. അമേരിക്കയെക്കാൾ മുമ്പേ വോട്ടിംഗ് യന്ത്ര സാങ്കേതിക വിദ്യ 'പെർഫെക്‌ട്' ആക്കിയ രാജ്യമാണ് ഇന്ത്യയെന്ന് വിദഗ്ദ്ധർ പ്രശംസിച്ചിട്ടുള്ളതുമാണ്.
1982ൽ കേരളത്തിലെ പരവൂർ നിയമസഭാ മണ്ഡലത്തിലെ 50 പോളിംഗ് സ്‌റ്റേഷനുകളിൽ ആദ്യമായി ഉപയോഗിച്ച വോട്ടിംഗ് യന്ത്രം പിന്നീട് പല തിരഞ്ഞെടുപ്പുകളിലും ഭാഗികമായി ഉപയോഗിച്ചു. 2000 മുതലാണ് എല്ലാ തിരഞ്ഞെടുപ്പുകളിലും പേപ്പർ ബാലറ്റ് വേണ്ടെന്നും വോട്ടിംഗ് യന്ത്രം മാത്രം മതിയെന്നും തീരുമാനിച്ചത്. ഇക്കാലത്തിനിടെ മൂന്ന് തവണ ( 2006, 2010, 2013 വർഷങ്ങളിൽ) വോട്ടിംഗ് യന്ത്രം സാങ്കേതികമായി പരിഷ്‌കരിക്കുകയും ചെയ്‌തു. വിശ്വാസ്യത വർദ്ധിപ്പിക്കാൻ, ചെയ‌്ത വോട്ട് തിരിച്ചറിയാനുള്ള പേപ്പർ രസീത് ലഭിക്കുന്ന 'വിവിപാറ്റ്' സങ്കേതവും നടപ്പാക്കി. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ രാജ്യത്താകെ വിവിപാറ്റ് യൂണിറ്റ് ഉൾപ്പെടുന്ന വോട്ടിംഗ് യന്ത്രങ്ങളാവും ഉപയോഗിക്കുക.
നിർമ്മാണം മുതൽ വോട്ടെണ്ണൽ വരെ സുരക്ഷാ പരിശോധനയുടെയും മുൻകരുതലുകളുടെയും ഒട്ടേറെ ഘട്ടങ്ങളിലൂടെയാണ് വോട്ടിംഗ് യന്ത്രങ്ങൾ സാങ്കേതിക മികവിന്റെ മാതൃകകളാകുന്നതെന്ന് ഇലക്‌ഷൻ കമ്മിഷന്റെ പ്രസന്റേഷൻ രേഖ വ്യക്തമാക്കുന്നുണ്ട്.
മുൻകരുതലുകൾ ഇവ
ഹാക്കിംഗ് സാദ്ധ്യമല്ല
ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ അനധികൃതമായി കടന്നുകയറി തിരിമറി നടത്തുന്നതാണ് ഹാക്കിംഗ്. വോട്ടിംഗ് യന്ത്രങ്ങളിൽ അത് സാദ്ധ്യമല്ല. കാരണം ഓരോ യന്ത്രവും ഓരോ സ്വതന്ത്ര യൂണിറ്റാണ്. വയേർഡായോ വയർലെസായോ അവ ഒരു ശൃംഖലയുമായും ബന്ധിപ്പിച്ചിട്ടില്ല. ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്ന മൈക്രോ ചിപ്പാണ് യന്ത്രത്തിലുള്ളത്. അത് റീഡ് ചെയ്യാനോ പരിഷ്‌കരിക്കാനോ കഴിയില്ല.
വിദൂര നിയന്ത്രണം പറ്റില്ല
റിമോട്ട് നിയന്ത്രണത്തിന് യന്ത്രത്തിൽ വയർലെസ് സങ്കേതമുള്ള ഡിസ്‌പ്ലേയോ എക്‌സ്‌ട്രാ സർക്ക്യൂട്ട് ബോർഡോ സ്ഥാപിക്കണം. ഇലക്‌ഷൻ കമ്മിഷന്റെ ആദ്യ പരിശോധന കഴിഞ്ഞ് സൂക്ഷിക്കുന്ന യന്ത്രങ്ങൾ മറ്റാർക്കും കൈകാര്യം ചെയ്യാൻ കിട്ടില്ല.
മെമ്മറി ചിപ്പിൽ തിരിമറി
വോട്ട് ഡാറ്റ സ്റ്റോർ ചെയ്യുന്ന മെമ്മറി ചിപ്പിൽ തിരിമറി നടത്താൻ മെമ്മറി മാനിപ്പുലേറ്റർ ഐ.സി ഘടിപ്പിക്കണം. അതിന് വോട്ടെടുപ്പിന് ശേഷം കൺട്രോൾ യൂണിറ്റുകൾ തിരിമറിക്കാർക്ക് കിട്ടണം. അത് അസാദ്ധ്യമാണ്. വോട്ടെടുപ്പിന് ശേഷം യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോംങ് റൂമിന് രണ്ട് സുരക്ഷാ വലയങ്ങളുണ്ട്. സ്ഥാനാർത്ഥികളുടെ പ്രതിനിധികളും അടുത്തുണ്ടാവും. സ്ട്രോങ് റൂമിന്റെ സീലും പൂട്ടും തകർക്കണം. അതൊന്നും നടക്കില്ല.
മൈക്രോ ചിപ്പ് മാറ്റാനാവില്ല
വോട്ടെടുപ്പിന് മുൻപ് മൈക്രോ ചിപ്പ് മാറ്റണമെങ്കിൽ യന്ത്രങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസിൽ കയറണം. അത് സാദ്ധ്യമല്ല. മൈക്രോ ചിപ്പ് മാറ്റിയാൽ തന്നെ വോട്ടെടുപ്പിന് മുൻപുള്ള ആദ്യ പരിശോധനയിൽ കണ്ടെത്തും. ആദ്യ പരിശോധനയ്‌ക്ക് ശേഷം സ്‌ട്രോംങ് റൂമിൽ കയറി മാറ്റാനും പറ്റില്ല. അവിടെ വോട്ടിംഗ് യന്ത്രങ്ങൾ പിങ്ക് പേപ്പർ സീൽ പതിച്ചാണ് സൂക്ഷിക്കുന്നത്. ആ സീൽ പൊട്ടിക്കണം.
സാങ്കേതിക സുരക്ഷ
ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും തമ്മിൽ മാത്രമേ കണക്‌ട് ചെയ്യാനാവൂ. മറ്റേതെങ്കിലും യന്ത്രവുമായി കണക്‌ട് ചെയ്‌താൽ പ്രവർത്തനം തകരാറിലാകും ( എറർ മോഡിലാകും )
ട്രോജൻ വൈറസ്
ഡാറ്റാ തിരിമരി നടത്താനുള്ള ട്രോജൻ വൈറസിനെ കടത്തിവിടണമെങ്കിൽ മൈക്രോ ചിപ്പ് റീപ്രോഗ്രാം ചെയ്യണം. ചിപ്പ് ഒറ്റത്തവണയേ പ്രോഗ്രാം ചെയ്യാനാവൂ.
അല്ലെങ്കിൽ ചിപ്പ് നിർമ്മാതാവ് ചെയ്യണം. നിർമ്മാതാവ് ട്രോജൻ കടത്തിവിട്ടാൽ ഇലക്‌ഷൻ കമ്മിഷന്റെ വിദഗ്ദ്ധരുടെ കോഡ് പരിശോധനയിൽ കണ്ടെത്താം.
വോട്ടെടുപ്പിന് ശേഷം കള്ളവോട്ട് പറ്റില്ല
അവസാന വോട്ടും ചെയ്‌തശേഷം കൺട്രോൾ യൂണിറ്റിലെ ക്ലോസ് ബട്ടൺ അമർത്തി പ്രോഗ്രാം അവസാനിപ്പിക്കും. സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ യന്ത്രം സീൽ ചെയ്യും. ക്ലോസ് ബട്ടൺ അമർത്തിയ ശേഷം വോട്ട് ചെയ്യാനാവില്ല. ക്ലോസ് ബട്ടൺ അമർത്തുന്ന സമയം യന്ത്രത്തിലും പോളിംഗ് ഓഫീസറുടെ ഡയറിയിലും രേഖപ്പെടുത്തും. പിന്നീട് വോട്ട് ചെയ്‌താൽ അറിയാൻ പറ്റും.
വിവിപാറ്റ് തകരാറ്
വിവിപാറ്റ് പുതിയ സങ്കേതമാണ്. അതിന്റെ തകരാറുകൾ വോട്ടിംഗ് യന്ത്രത്തിന്റെ തകരാറുകളായി ചിത്രീകരിക്കപ്പെടുന്നുണ്ട്.
ചരിത്രം
1977 -- മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എസ്. എൽ. ഷാക്ധർ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചു.
1980 -81-- പൊതുമേഖലാ സ്ഥാപനങ്ങളായ ഇലക്‌ട്രോണിക് കോർപറേഷൻ ഒഫ് ഇന്ത്യയും ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡും വോട്ടിംഗ് യന്ത്രങ്ങൾ നിർമ്മിച്ചു പ്രവർത്തിപ്പിച്ചു കാണിച്ചു.
1982 -- കേരളത്തിലെ പരവൂർ മണ്ഡലത്തിലെ 50 ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചു.
1983 --എട്ട് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണപ്രദേശത്തെയും 11 അസംബ്ലി സീറ്റുകളിൽ യന്ത്രങ്ങൾ ഉപയോഗിച്ചു.
1984 --ജനപ്രാതിനിദ്ധ്യ നിയമം ഭേദഗതി ചെയ്യുന്നതു വരെ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നത് സുപ്രീം കോടതി സസ്പെൻഡ് ചെയ്‌തു.
1988-- ജനപ്രാതിനിദ്ധ്യ നിയമം ഭേദഗതി ചെയ്‌തു. 15. 3 1989 മുതൽ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാൻ അനുമതി.
2018--പേപ്പർ ബാലറ്റ് പുനഃസ്ഥാപിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി.