തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ പരിശോധന കർശനമാക്കിയതോടെ ചില തുറമുഖങ്ങൾ കേന്ദ്രീകരിച്ച് അനധികൃത കടത്ത്
വ്യാപകമായതായി സൂചന. വിഴിഞ്ഞത്ത് നിലവിലുള്ള വാർഫ് വഴി ഇത്തരത്തിൽ മാലിദ്വീപിലേക്ക് അനധികൃത കടത്ത് നടക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചതായി അറിയുന്നു. അതിന്റെ ഭാഗമായ ചില നടപടികൾ വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. വിഴിഞ്ഞത്തുനിന്ന് യാതൊരു രേഖകളുമില്ലാതെയാണ് മാലിദ്വീപിലേക്ക് ചരക്കുകൾ ചില കപ്പലുകളിൽ കൊണ്ടുപോകുന്നത്. വിഴിഞ്ഞത്ത് രണ്ട് വാർഫുകളാണ് ഉള്ളത്. പഴയതും പുതിയതും. അതിലൊന്ന് വഴിയാണ് ചരക്ക് നീക്കം മാലിയിലേക്ക് നടക്കുന്നത്. 250 ടൺവരെ പച്ചക്കറി ഉൾപ്പെടെ ചരക്ക് ഇതുവഴി പോകുന്നുണ്ട്.
ഇതിന്റെ മറവിൽ അനധികൃത കടത്തും നടക്കുന്നു എന്നാണ് സംശയം. നടപടിയുമായി അധികൃതർ രംഗത്തെത്തുമെന്ന സൂചന ലഭിച്ചതോടെ ലൈസൻസ് നൽകുന്നത് അടക്കമുള്ള ചില നടപടികൾക്ക് നീക്കം നടക്കുന്നതായും സൂചനയുണ്ട്.
സംസ്ഥാന പോർട്ട് മാന്വൽ പ്രകാരവും കസ്റ്രംസ് ആക്ട് പ്രകാരവുമാണ് തുറമുഖങ്ങൾ പ്രവർത്തിക്കേണ്ടത് . എന്നാൽ വർഷങ്ങളായി ഒരു പരിശോധനയുമില്ലാതെയാണ് വിഴിഞ്ഞത്തുനിന്ന് ചരക്ക് കയറ്രുന്നതും കപ്പലുകൾ പോകുന്നതും. നിലവിൽ കൊല്ലം പോർട്ട് ഓഫീസറുടെ കീഴിലാണ് വിഴിഞ്ഞം വാർഫ് പ്രവർത്തിക്കുന്നത്. രേഖകളൊന്നുമില്ലാതെ ചരക്കുകൾ കൊണ്ടുപോകുന്ന വിവരം പുറത്തുവന്നാൽ പോർട്ടിലെ ചില ഉയർന്ന ഉദ്യോഗസ്ഥരുടെയും കസ്റ്രംസ് അധികൃതരുടെയും പങ്ക് വെളിച്ചത്ത് വരുമെന്നും സൂചനയുണ്ട്. സെൻട്രൽ ബോർഡ് ഒഫ് കസ്റ്രംസ് നൽകുന്ന സ്റ്റീമർ ഏജന്റ് ലൈസൻസ് ഉള്ള ഏജൻസി വഴി മാത്രമേ പോർട്ട് അധികൃതർക്ക് ക്ലിയറൻസ് നൽകി കപ്പലിൽ നിന്ന് ചരക്കിറക്കാനോ അയയ്ക്കാനോ കഴിയൂ. എന്നാൽ വർഷങ്ങളായി സ്റ്രീമർ ഏജന്റ് ലൈസൻസി ഇല്ലാതെയാണ് ഇവിടെ നിന്ന് ചരക്ക് പോകുന്നത്. ലൈസൻസ് ഇല്ലാത്തതിനാൽ അനധികൃതമായ കടത്തും പിടിക്കാനാവില്ല.
ഓരോ കപ്പലിലും 250 ടണ്ണിൽ അധികം പച്ചക്കറിയും മറ്രിനങ്ങളുമാണ് ഇവിടെ നിന്ന് മാലിദ്വീപിലേക്ക് പോകുന്നത്. മുനമ്പം വഴിയുളള മനുഷ്യക്കടത്ത് വിവാദമായതോടെയാണ് വിഴിഞ്ഞത്തെ അനധികൃത ക്ലിയറൻസ് ശ്രദ്ധയിൽപെട്ടത്. ഇതോടെ രേഖകൾ ശരിയാക്കാൻ കസ്റ്രംസ് ഉദ്യോഗസ്ഥരും പോർട്ട് അധികൃതരും നെട്ടോട്ടമോടാൻ തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഒരു കമ്പനിക്ക് സ്റ്രീമർ ലൈസൻസ് നൽകുന്നതിനുള്ള ചില നടപടികൾ നടന്നുവത്രേ. എന്നാൽ കസ്റ്രംസ് നൽകിയ അപേക്ഷയുടെ പുറത്തല്ലാതെ എൻ.ഒ.സി നൽകിയത് വിവാദമായിട്ടുണ്ട്.
ഒരു ഷിപ്പിന് തൊട്ടു മുമ്പുള്ള പോർട്ടിൽ നിന്നുള്ള ക്ലിയറൻസിന്റെ ഒറിജിനൽ കോപ്പി ഹാജരാക്കിയാലെ ചരക്കിറക്കാൻ അനുമതി നൽകാവൂ. തുടർന്ന് ഇവിടെ നിന്ന് കിട്ടുന്ന ക്ലിയറൻസിന്റെ അടിസ്ഥാനത്തിലാണ് അടുത്ത് പോർട്ടിൽ കപ്പലടുപ്പിക്കാൻ അനുമതി ലഭിക്കുന്നത്. ഇതെല്ലാം ലംഘിക്കപ്പെട്ടതായാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. കപ്പലുകൾ പുറപ്പെടുമ്പോഴും തിരിച്ചെത്തുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരുംതന്നെ വാർഫിൽ ഉണ്ടാകാറില്ല. മനുഷ്യ കടത്ത് നടന്നിട്ടുണ്ടാ, മദ്യവും മറ്രും അനധികൃതമായി കടത്തിയിട്ടുണ്ടോ എന്നത് വിശദപരിശോധനയ്ക്ക് ശേഷമേ വ്യക്തമാവൂ. കപ്പലുകൾ തിരിച്ചുവരുന്നത് കാലിയായാണ്. മാലിദ്വീപിൽ നിന്ന് സ്വർണംകൊണ്ടുവന്നിട്ടുണ്ടോ എന്ന കാര്യവും തള്ളിക്കളയാനാകില്ല.