തിരുവനന്തപുരം : കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ 2018 ലെ ഡോ.സത്യനാരായണൻ സ്മാരക മാദ്ധ്യമ പുരസ്കാരത്തിന് കേരളകൗമുദി സബ് എഡിറ്റർ ആർ.സ്മിതാദേവി അർഹയായി. 'മനക്കരുത്ത് ചോരുന്ന മലയാളി' എന്ന പേരിൽ മേയ് നാല് മുതൽ ഒമ്പത് വരെ കേരളകൗമുദി എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച മാനസികാരോഗ്യ അവബോധ പരമ്പരയ്ക്കാണ് പുരസ്കാരം. ഇരുപത്തയ്യായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ജനുവരി 27 ന് കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആനയറ ഐ.എം.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ നൽകും. ഈ പരമ്പരയ്ക്ക് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകത്തിന്റെ മാദ്ധ്യമ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കായംകുളം പെരുങ്ങാല പരേതനായ മുല്ലശ്ശേരി സഹദേവന്റെയും രമണിയുടെയും മകളാണ്. എം.എസ്. സജിദേവാണ് സഹോദരൻ.