ന്യൂഡൽഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ അട്ടിമറി നടന്നുവെന്ന് ആരോപണം ഉന്നയിച്ച യു.എസ് ഹാക്കർക്കെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. ഹാക്കറുടെ വെളിപ്പെടുത്തലുകൾ പരിശോധിച്ച ശേഷം എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മിഷൻ കത്ത് നൽകുകയായിരുന്നു. ഹാക്കത്തോൺ നടന്ന സാഹചര്യം എങ്ങനെയാണെന്നും ഹാക്കറുടെ മൊഴികളും പരിശോധിക്കണമെന്നാണ് ആവശ്യം. എന്നാൽ ഹാക്കർ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇതുവരെ ഒരു ഏജൻസിയും തയ്യാറായിട്ടില്ലെന്നാണ് വിവരം.
അതേസമയം, വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്ന അമേരിക്കൻ സൈബർ വിദഗ്‌ദ്ധന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വെളിപ്പെടുത്തലുണ്ടായ ലണ്ടനിലെ വാർത്തസമ്മേളനത്തിൽ പാർട്ടി നേതാവ് കപിൽ സിബൽ പങ്കെടുത്തത് വ്യക്തിപരമായാണെന്നും വക്താവ് അഭിഷേക് സിംഗ്‌വി ന്യൂഡൽഹിയിൽ പറഞ്ഞു.
കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും നിരന്തരം ആവശ്യപ്പെടുന്ന, 50 ശതമാനം വിവിപാറ്റ് പരിശോധിക്കണമെന്ന ആവശ്യം ആവർത്തിക്കുന്നുവെന്നും ഇത് വോട്ടുയന്ത്രത്തിൽ ജനങ്ങൾക്ക് വിശ്വാസം ഉറപ്പാക്കാൻ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഗൗരവമുള്ളതാണ്. പരിശോധിക്കാതെ ഇതിനെ പിന്തുണക്കാനോ തള്ളിക്കളയാനോ എനിക്ക് കഴിയില്ല. അതുകൊണ്ട് സമഗ്രമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണ്. ’’ -സിങ്വി മാദ്ധ്യമങ്ങളോടു പറഞ്ഞു.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, ഇക്കഴിഞ്ഞ ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമത്തം കാണിച്ചുവെന്ന് അമേരിക്കൻ സൈബർ വിദഗ്ദ്ധൻ സൈദ് ഷൂജയാണ് വെളിപ്പെടുത്തിയത്. മോഡുലേറ്റർ ഉഫയോഗിച്ചാണ് ഇവിഎം ഹാക്ക് ചെയ്തെന്നും ഷൂജ പറഞ്ഞിരുന്നു.