1. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത ഒരു കന്യാ സ്ത്രീക്കെതിരെ കൂടി അച്ചടക്ക നടപടി. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്റര്‍ നീന റോസിനെതിരെ ആണ് പ്രതികാര നടപടി. ഇവരോട് ജലന്ധര്‍ സഭാ ആസ്ഥാനത്ത് ജനുവരി 26 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് മദര്‍ സുപ്പീരിയര്‍ കത്ത് നല്‍കിയത്. കത്തിലെ പരാമര്‍ശം ഫ്രങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടത്തിയ സമരം അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.
2. ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍മാരെ ഇന്ത്യയുടെ പലഭാഗത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവ് പുറത്തെത്തിയത് കഴിഞ്ഞയാഴ്ച. കുറവിലങ്ങാട് കോണ്‍വന്റില്‍ താമസിക്കുന്ന സിസ്റ്റര്‍ നീനാ റോസിനോട് സമരത്തില്‍ പങ്കെടുത്തതിന് വിശദീകരണവും നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടത് ഇതിന് പിന്നാലെ. അതേസമയം ജീവന് തന്നെ ഭീഷണിയുളള ഈ സാഹചര്യത്തില്‍ ജലന്ധറില്‍ പോയാല്‍ തിരിച്ചുവരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സിസ്റ്റര്‍ നീനാ റോസിന്റെ പ്രതികരണം
3. പത്തനംതിട്ട തിരുവല്ലയില്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍. ഇതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും എന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുന്നതിന് നിയമ നിര്‍മ്മാണം നടത്താന്‍ ആലോചിക്കും എന്നും തിരുവല്ല ഇലഞ്ഞിമൂട്ടില്‍ പ്രവര്‍ത്തിച്ച വളം ഡിപ്പോയുടെ ലൈസന്‍സ് റദ്ദാക്കും എന്നും മന്ത്രി
4. കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസും. മരിച്ച മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം കണ്ടെത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കും എന്നും പൊലീസ്. നെല്‍പ്പാടത്ത് അനുവദനീയം ആയതിലും കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതിനെ തുടര്‍ന്ന് കര്‍ഷക തൊഴിലാളികളായ പെരിങ്ങര വേങ്ങലില്‍ കഴുപ്പില്‍ കോളനി നിവാസികള്‍ മത്തായി ഈശോ , സനല്‍ കുമാര്‍ എന്നിവരാണ് മരിച്ചത്
5. ഇതില്‍ സനല്‍ കുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നാണന്ന് ഫോറന്‍സിക് സര്‍ജന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷം ഉണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കിടനാശിനി പ്രയോഗത്തില്‍ മത്തായി ഈശോ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു
6. ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണ യാത്ര തുടരുന്നു. ഇന്ന് രാവിലെ പാറശാലയില്‍ നിന്ന് ആരംഭിച്ച ജാഥ ബാലരാമപുരത്ത് എത്തിയത് നെയ്യാറ്റിന്‍കര, അരുവിപ്പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം. ബാലരാമപുരത്ത്, തോന്നയ്ക്കല്‍ ബൈജു, ബി.ജെ.പി കോവളം മണ്ഡലം സെക്രട്ടറി എം.എസ് ശിവകുമാര്‍, ജെ.ഡി.എസ് മണ്ഡലം പ്രസിഡന്റ് തെന്നൂര്‍ക്കോണം ബാബു, ബാലരാമപുരം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരിഹരന്‍, ബാലരാമപുരം റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അല്‍ഫോണ്‍സ്, ക്ഷേത്ര സേവക് സമിതി പ്രസിഡന്റ് സുരേഷ് കിഴക്കേ വീട്, എസ്.എസ്.എന്‍.ഡി.പി യോഗം തുമ്പോട് ശാഖ സെക്രട്ടറി അയ്യപ്പന്‍, മുടവൂര്‍പ്പാറ ശാഖ പ്രസിഡന്റ് സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
7. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്നും നാളെയുമായി നടക്കുന്ന റോഡ് ഷോയില്‍ മഹാഗുരു പരമ്പരയുടെ ട്രെയിലര്‍ പ്രദര്‍ശനവും ഉണ്ടാകും. ഇന്ന് വൈകിട്ട് അഞ്ചിന് പേട്ട എസ്.എന്‍.ഡി.പി ഹാളില്‍ പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനം യൂണിയന്‍ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്യും.
8. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിന്റെ ഭാവി നിര്‍ണയിക്കുന്നത് ആവും എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വരുന്ന തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിന് ഏറെ നിര്‍ണായകം ആണ്. ജനാധിപത്യത്തെ തകര്‍ത്തു കൊണ്ടിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ബംഗാളിന്റെ വേര് കൂടി പിഴുതെടുക്കാന്‍ ജനങ്ങള്‍ അവസരം നല്‍കുമോ എന്ന് ഈ തിരഞ്ഞെടുപ്പില്‍ അറിയാം എന്നും അമിത് ഷാ
9. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേട് ഗ്രൗണ്ടില്‍ നടത്താന്‍ ഇരുന്ന മെഗാ റാലി ബി.ജെ.പി റദ്ദാക്കി. പശ്ചിമ ബംഗാളിലെ വിവിധ ഇടങ്ങളിലായി ഉടന്‍ നടക്കുന്ന മൂന്നില്‍ അധികം റാലികളില്‍ പങ്കെടുക്കുന്നതിനാല്‍ ആണ് മെഗാ റാലി റദ്ദാക്കിയത് എന്ന് വിശദീകരണം. അടുത്തമാസം എട്ടിന് ആണ് റാലി നടത്താന്‍ ഇരുന്നത്
10. ഐ.സി.സി പ്ലെയര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. ഐ.സി.സിയുടെ ലോക ഇലവനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് നയിക്കും. ടെസ്റ്റ് - ഏകദിന ടീമുകളുടെ നായകനായും വിരാട് കൊഹ്ലിയെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ട് തവണ ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം നേടുന്ന ആദ്യ താരം എന്ന ഖ്യാതിയും വിരാടിന് സ്വന്തം
11. ടെസ്റ്റ് ഏകദിന പരമ്പരയുടെ നായകനായി കൊഹ്ലിയെ തിരഞ്ഞെടുത്തത് ഓസ്‌ട്രേലിയയിലെ ചരിത്ര വിജയത്തിന് പിന്നാലെ. 13 ടെസ്റ്റില്‍ നിന്ന് 5 സെഞ്ച്വറി അടക്കം 1322 റണ്‍സും 14 ഏകദിനങ്ങളില്‍ നിന്നായി കഴിഞ്ഞ കലണ്ടര്‍ വര്‍ഷം ആറ് സെഞ്ച്വറികള്‍ അടക്കം 1202 റണ്‍സും ആണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ ഋഷഭ് പന്ത് എമര്‍ജിംഗ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി