മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസിൽ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റിയാനോ റെണാൾഡോയ്ക്ക് സ്പെയിനിലെ കോടതി 23 മാസം തടവ് ശിക്ഷ വിധിച്ചു. എന്നാൽ രണ്ട് വർഷത്തിൽ താഴെയുള്ള ജയിൽ ശിക്ഷയ്‌ക്ക് സ്പെയിനിലെ നിയമമനുസരിച്ച് പിഴയടച്ചാൽ തടവ് അനുഭവിക്കേണ്ടതില്ല. കുറ്റം സമ്മതിച്ച ക്രിസ്റ്റിയാനോ 18.8 മില്ല്യൺ യുറോ(153 കോടി രൂപ) പിഴയടക്കണം. താരം അതിന് സമ്മതിച്ചിട്ടുണ്ട്. ലൈവ് വീഡിയോ വഴി കോടതിയിൽ ഹാജരാകാം എന്ന ക്രിസ്റ്റിയോനായുടെ ആവശ്യം കോടതി സമ്മതിക്കാത്തതോടെ അദ്ദേഹം നേരിട്ട് ഹാജരാകുകയായിരുന്നു. ഇറ്റലിയിലേക്ക് പോയ മുൻ മാഡ്രിഡ് സൂപ്പർതാരത്തിന്റെ സ്പെയിനിലേക്കുള്ള തിരിച്ചുവരവ് ഒപ്പിയെടുക്കാൻ വൻ മാദ്ധ്യമപ്പട കോടതിക്ക് പുറത്ത് തമ്പടിച്ചിരുന്നു.
ക്രിസ്റ്റിയോനോ ഈ സീസണിൽ സ്പെയിനിലെ റയൽ മാഡ്രിഡിൽ നിന്ന് ഇറ്റലിയിലെ യുവന്റസിലേക്ക് മാറിയിരുന്നു. മാഡ്രിഡിലെ അവസാന വർഷങ്ങളിൽ ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരെസുമായി അത്ര രസത്തിലായിരുന്നില്ല ക്രിസ് എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ക്രിസ്റ്റിയാനോയുടെ നികുതി വെട്ടിപ്പ് കേസ് പുറത്ത് വന്നതോടെയാണ് ഇത്തരത്തിൽ വാർത്തകൾ വന്നത്. ടീം മാറുമെന്ന ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്ക് ശേഷം 2018-19 സീസണിന്റെ തുടക്കത്തിൽ അദ്ദേഹം യുവന്റസിലേക്ക് മാറി. പുതിയ വെല്ലുവിളിക്കായാണ് താൻ ഇറ്റലിയിലേക്ക് പോയത് എന്ന് റോണാ ആവർത്തിക്കുന്നുണ്ടെങ്കിലും കേസും വിവാദങ്ങളും അയാളെ കൂടുമാറാൻ പ്രേരിപ്പിച്ചു എന്ന് വ്യക്തമാണ്. ആദ്യമൊക്കെ കേസിൽ നിരപരാധിയാണെന്ന് വാദിച്ചുവെങ്കിലും തെളിവുകൾ എതിരായതോടെ ക്രിസ്റ്റിയാനോ കുറ്റം സമ്മതിക്കുകയായിരുന്നു.
വിവാദങ്ങൾ പിന്തുടരുന്ന റൊണാൾഡോ അടുത്തിടെ ലൈംഗികപീഡനക്കേസിലും കുറ്റാരോപിതനായി.