തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം ആയുധമാക്കി തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വം. സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച നിരാഹാര സമരം ഫലം കണ്ടില്ലെങ്കിലും അമൃതാനന്ദമയയിയെ കൂടെക്കൂട്ടി അയ്യപ്പ സംഗമം സംഘിടിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ സ്ഥാനാർത്ഥി കണ്ടെത്താനുള്ള തിരിക്കിലാണ് പാർട്ടി. എന്നാൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി ദേശീയ നേതൃത്വം.
കേരളത്തിലെ സുപ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിർണയിക്കാൻ നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്)യുടെ താൽപര്യം കൂടി പരിഗണിക്കണമെന്നാണ് പുതിയ നിർദ്ദേശം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നീ മണ്ഡലങ്ങളിലെ സീറ്റുകളിലായിരിക്കും എൻ.എസ്.എസിന്റെ തീരുമാനം പരിഗണിക്കുക. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾക്ക് ദേശീയ നേതൃത്വം നിർദ്ദേശം നൽകിക്കഴിഞ്ഞു.
ഇതിൽ വിജയ സാദ്ധ്യതയുള്ള മണ്ഡലമായ തിരുവനന്തപുരത്ത് ശക്തരായ സ്ഥാനാർത്ഥികളെ നിറുത്താനാണ് തീരുമാനം. മിസോറം ഗവർണറായ കുമ്മനം രാജശേഖരൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, എം.ടി രമേശ്, ഡൽഹിയിൽ പ്രവർത്തനം കേന്ദ്രീകരിച്ച നേതാക്കളായ ആർ.ബാലശങ്കർ, അരവിന്ദമേനോൻ എന്നിവരെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ശബരിമല വിഷയം കത്തിനിൽക്കുന്നതോടെ പത്തനംതിട്ടയിലും ബി.ജെ.പിക്ക് വിജയ സാദ്ധ്യത കൂടുതലാണ്. ഇവിടെ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനം, ബി. രാധാകൃഷ്ണ മേനോൻ എന്നിവരാണ് ആർ.എസ്.എസിന്റെ പരിഗണനയിലുള്ളത്. ഇവരിൽ ശബരിമല വിധിയിൽ പുനപരിശോധന ഹർജി നൽകിയതും, രഹ്ന ഫാത്തിമയ്ക്കെതിരെ പരാതി നൽകിയതും രാധാകൃഷ്ണ മേനോന് സാദ്ധ്യത വർദ്ധിക്കുകയാണ്. എന്നാൽ നിലവിൽ രാജ്യസഭാംഗമായ അൽഫോൺസ് കണ്ണന്താനത്തെ മത്സരിപ്പിക്കുന്ന കാര്യത്തിൽ സംശയമാണ്.
കോട്ടയത്ത് സ്ഥാനാർത്ഥി പട്ടികയിൽ ജില്ലാ പ്രസിഡന്റ് എൻ.ഹരി, ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ എന്നിവരെ പരിഗണിക്കാനാണ് സാദ്ധ്യത. സാമ്പത്തിക സംവരണ ബില്ലിന് അനുകൂലിച്ച് പ്രധാനമന്ത്രിയെ പുകഴ്ത്തിയ എൻ.എസ്.എസിന്റെ തീരുമാനം ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഏറെ നിർണായകമാണ്.