വാരണാസി: കോൺഗ്രസിനെ വിമർശിക്കാൻ രാജീവ് ഗാന്ധിയുടെ പഴയ '15 പൈസ' പ്രയോഗം വീണ്ടുമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ജനക്ഷേമത്തിനായി ഒരു രൂപ കേന്ദ്രം അനുവദിച്ചാൽ 15 പൈസ മാത്രമേ താഴേത്തട്ടിലെത്തുന്നുള്ളൂവെന്ന് 1985-ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പറഞ്ഞിരുന്നു. രാജീവ് ഗാന്ധിയുടെ പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ വിമർശനം. ''ഡൽഹിയിൽ നിന്ന് ഒരു രൂപ അനുവദിച്ചാൽ 15 പൈസ മാത്രമാണ് ഗ്രാമങ്ങളിലെത്തുന്നതെന്നും 85 പൈസ അപ്രത്യക്ഷമാകുമെന്നുമാണ് ഒരു മുൻ പ്രധാനമന്ത്രി പണ്ട് പറഞ്ഞത്. വർഷങ്ങളോളം രാജ്യം ഭരിച്ച പാർട്ടി അതാണ് ചെയ്തുവന്നത്. രാജ്യം അത് അനുഭവിക്കുകയും ചെയ്തു.''-മോദി പറഞ്ഞു. 85 പൈസയുടെ ഈ കൊള്ള തടയാൻ എൻ.ഡി.എ സർക്കാരിന് സാങ്കേതിക വിദ്യയുടെ നടപ്പാക്കലിലൂടെ കഴിഞ്ഞു. നാലരവർഷത്തിനിടെ വിവിധ പദ്ധതികളിലൂടെ 5,80,000 കോടി രൂപ സർക്കാർ സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചു. പഴയ സംവിധാനമായിരുന്നെങ്കിൽ ഇതിൽ 4,50,000 കോടി രൂപ അപ്രത്യക്ഷമായേനെയെന്ന് മോദി പരിഹസിച്ചു. അതേസമയം സർക്കാർ വിമാനത്തിൽ സഞ്ചരിച്ച് മോദി രാഷ്ട്രീയപ്രസംഗം നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.