കോഴിക്കോട്: കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമയെടുത്ത സംവിധായകൻ മൊയ്തു താഴത്തിന്റെ പാസ്‌പോർട്ട് പൊലീസ് തടഞ്ഞുവച്ചു. പാസ്‌പോർട്ട് പുതുക്കുന്നതിനായി പൊലീസ് വെരിഫിക്കേഷന് വന്നപ്പോഴാണ് സംഭവം. സ്റ്റേഷനിലെത്തിയ തന്നോട് ടി.പി 51എന്ന സിനിമയെടുത്ത മൊയ്തു താഴത്തല്ലേ എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചോദിക്കുകയും താങ്കളുടെ പേരിൽ ഒരു ക്രിമിനൽ കേസുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് ചെയ്തത്. എന്നാൽ സ്കൂൾ സർട്ടിഫിക്കറ്റിൽ തന്റെ പേര് വളപ്പിൽ മൊയ്തു എന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്ക് മുന്നേ ഒരുകേസുണ്ടായിരുന്നു എന്നാൽ അതിൽ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഈ കേസിലാണ് പൊലീസ് തന്നെ കുടുക്കാൻ ശ്രമിക്കുന്നത്. ഇത് സിനിമയെടുത്തതിന്റെ വെെരാഗ്യത്തിൽ പൊലീസ് ചെയ്യുന്നതാണെന്നും മൊയ്തു താഴത്ത് പറഞ്ഞു. ഗൽഫിൽ ഒരു ഷോയ്ക്ക് പോവാനായിരുന്നു പാസ്‌പോർട്ട് പുതുക്കാൻ നൽകിയത്. ഈ മാസം 25 ആണ് പരിപാടി. പാസ്‌പോർട്ട് ലഭിച്ചില്ലെങ്കിൽ ഷോ മുടങ്ങുമെന്നും മൊയ്തു താഴത്ത് പറഞ്ഞു. ടി.പി 51 ന്റെ റിലീസ് സമയത്ത് സിനിമ തനിക്ക് ഭീഷണികൾ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.