news

1. തിരഞ്ഞെടുപ്പ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തിയ എന്ന അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഹാക്കറുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം ഡല്‍ഹി പൊലീസിന് പരാതി നല്‍കി. ഹാക്കറുടെ മൊഴികള്‍ പരിശോധിക്കണം എന്നും കമ്മിഷന്‍. 2014ലെ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ വ്യാപകമായി ക്രമക്കേട് നടന്ന് എന്നാണ് അമേരിക്കന്‍ ഹാക്കറും സൈബര്‍ വിദഗ്ധനുമായ സയീദ് ഷായുടെ വെളിപ്പെടുത്തല്‍

2. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നത് അറിയാവുന്നത് കൊണ്ടാണ് കേന്ദ്രമന്ത്രി ആയിരുന്ന ഗോപിനാഥ് മുണ്ടയെ കൊലപ്പെടുത്തിയത് എന്ന ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ ആരംഭിച്ച ബി.ജെ.പി- കോണ്‍ഗ്രസ് വാക്‌പോരും രൂക്ഷം. മുണ്ടെയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണം എന്ന് കുടുംബം. രഹസ്യാ അന്വേഷണ ഏജന്‍സിയായ റോയോ സുപ്രീംകോടതി ജഡ്ജിയോ മരണം അന്വേഷിക്കണമെന്ന് എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ടെ.

3. അതിനിടെ, ലണ്ടനിലെ ഹാക്കത്തോണില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഹാക്കത്തോണില്‍ പങ്കെടുത്തത് പരിപാടിയുടെ സംഘാടകര്‍ ക്ഷണിച്ചിട്ടെന്ന് കപില്‍ സിബല്‍. പാര്‍ട്ടി പ്രതിനിധിയായിട്ടല്ല, സ്വന്തം നിലയ്ക്കാണ് പങ്കെടുത്തത് എന്നും വിശദീകരണം. യു.എസ് ഹാക്കര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ ലണ്ടനിലെ ഹാക്കത്തോണില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്റെ രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമെന്ന് ബി.ജെ.പി

4. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത ഒരു കന്യാ സ്ത്രീക്കെതിരെ കൂടി അച്ചടക്ക നടപടി. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്റര്‍ നീന റോസിനെതിരെ ആണ് പ്രതികാര നടപടി. ഇവരോട് ജലന്ധര്‍ സഭാ ആസ്ഥാനത്ത് ജനുവരി 26 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് മദര്‍ സുപ്പീരിയര്‍ കത്ത് നല്‍കിയത്. കത്തിലെ പരാമര്‍ശം ഫ്രങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടത്തിയ സമരം അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. 5. ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍മാരെ ഇന്ത്യയുടെ പലഭാഗത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവ് പുറത്തെത്തിയത് കഴിഞ്ഞയാഴ്ച. കുറവിലങ്ങാട് കോണ്‍വന്റില്‍ താമസിക്കുന്ന സിസ്റ്റര്‍ നീനാ റോസിനോട് സമരത്തില്‍ പങ്കെടുത്തതിന് വിശദീകരണവും നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടത് ഇതിന് പിന്നാലെ. അതേസമയം ജീവന് തന്നെ ഭീഷണിയുളള ഈ സാഹചര്യത്തില്‍ ജലന്ധറില്‍ പോയാല്‍ തിരിച്ചുവരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സിസ്റ്റര്‍ നീനാ റോസിന്റെ പ്രതികരണം

6. പത്തനംതിട്ട തിരുവല്ലയില്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍. ഇതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും എന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുന്നതിന് നിയമ നിര്‍മ്മാണം നടത്താന്‍ ആലോചിക്കും എന്നും തിരുവല്ല ഇലഞ്ഞിമൂട്ടില്‍ പ്രവര്‍ത്തിച്ച വളം ഡിപ്പോയുടെ ലൈസന്‍സ് റദ്ദാക്കും എന്നും മന്ത്രി

7. കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസും. മരിച്ച മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം കണ്ടെത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കും എന്നും പൊലീസ്. നെല്‍പ്പാടത്ത് അനുവദനീയം ആയതിലും കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതിനെ തുടര്‍ന്ന് കര്‍ഷക തൊഴിലാളികളായ പെരിങ്ങര വേങ്ങലില്‍ കഴുപ്പില്‍ കോളനി നിവാസികള്‍ മത്തായി ഈശോ , സനല്‍ കുമാര്‍ എന്നിവരാണ് മരിച്ചത്

8. ഇതില്‍ സനല്‍ കുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നാണന്ന് ഫോറന്‍സിക് സര്‍ജന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷം ഉണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കിടനാശിനി പ്രയോഗത്തില്‍ മത്തായി ഈശോ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു

9. ശബരിമല കേസുകള്‍ അടുത്തമാസം പരിഗണിക്കും എന്ന് സുപ്രീംകോടതി. എന്നാല്‍ പുനപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ തീയതി നിശ്ചയിച്ചിട്ടില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തിരികെ എത്തിയ ശേഷം തീയതി തീരുമാനിക്കും. ഈ മാസം 30 വരെ ഇന്ദു മല്‍ഹോത്ര അവധിയില്‍ ആണ് എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

10. ശബരിമല കേസിലെ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെ ആണ് ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. കേസ് ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നുത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അവധി കണക്കിലെടുത്ത് തീയതി മാറ്റുക ആയിരുന്നു. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അമ്പതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളും മറ്റ് കോടതി അലക്ഷ്യ ഹര്‍ജികളുമാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്.

11. സി.ബി.ഐയില്‍ വീണ്ടും കൂട്ട സ്ഥലം മാറ്റം. 20 ഉദ്യോഗസ്ഥരെ ആണ് ഇന്നലെ സ്ഥലം മാറ്റിയത്. നടപടി നേരിട്ടവരില്‍, സാമ്പത്തിക കുറ്റകൃത്യത്തിന് അന്വേഷണം നേരിടുന്ന നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്ക് എതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും. പുതിയ സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി വ്യാഴാഴ്ച യോഗം ചേരാന്‍ ഇരിക്കെ ആണ് താല്കാലിക ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ സ്ഥലം മാറ്റ ഉത്തരവ്

12. കേരളത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. സി.ബി.ഐ കൊച്ചി യൂണിറ്റ് എസ്.പി എ. ഷിയാസിനെ മുംബയിലേക്കും തിരുവനന്തപുരം യൂണിറ്റിലെ പി. ബാലചന്ദ്രനെ കൊച്ചിയിലേക്കും മാറ്റി. വൈ. ഹരികുമാറിന് ആണ് തിരുവനന്തപുരം യൂണിറ്റിന്റെ അധിക ചുമതല. നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എതിരായ കേസുകള്‍ അന്വേഷിക്കുന്ന എസ്.കെ നായരെ മുംബയ് ആന്റികറപ്ഷന്‍ ബ്യൂറോയിലേക്കാണ് മാറ്റിയത്