ലോസ്ഏഞ്ചൽസ്: 91ാമത് അക്കാഡമി അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനും നടനുമുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ബൊഹമിയൻ റാപ്സൊഡി മികച്ച ചിത്രത്തിനുൾപ്പെടെ അഞ്ച് നോമിനേഷനുകൾ കരസ്ഥമാക്കി. റോക്ക് സംഗീതജ്ഞനായ ഫ്രെഡ്ഡി മെർക്കുറിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ മെർക്കുറിയെ അഭ്രപാളിയിൽ അനശ്വരനാക്കിയ റേമി മാലേക്ക് മികച്ച നടനുള്ള നോമിനേഷൻ കരസ്ഥമാക്കി. ബ്ലാക് പാന്തർ, ബ്ലാക്‌ലൻസ്‌മാൻ, ദ് ഫേവറിറ്റ്, ഗ്രീൻ ബുക്ക്, റോമ, എ സ്റ്റാർ ഈസ് ബോൺ, വൈസ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് ചിത്രങ്ങൾ. റോമ, ദ് ഫേവറിറ്റ് എന്നിവ പത്ത് നോമിനേഷനുകൾ വീതം നേടി പട്ടികയിൽ മുന്നിൽ എത്തി. 'വൈസ് ' എന്ന ചിത്രത്തിലെ അഭിനയത്തിന് ക്രിസ്റ്റ്യൻ ബെയ്ൽ മികച്ച നടനുള്ള നോമിനേഷൻ നേടിയപ്പോൾ എ സ്റ്റാർ ഈസ് ബോണിലെ അഭിനയത്തിന് ബ്രാഡ്ലി കൂപ്പറും ലോഡി ഗാഗയും മികച്ച നടന്റെയും നടിയുടെയും പട്ടികയിൽ ഇടം നേടി. യോർഗോസ് ലാൻതിമോസ് ( ദ് ഫേവറിറ്റ്), അൽഫോൺസോ ക്വറോൻ (റോമ), ആഡം മക്‌കയ് (വൈസ്) എന്നിവർ മികച്ച സംവിധായകരിൽ ഇടം നേടി. യലിറ്റ്സ അപ്പാരിസിയോ (റോമ), ഒലീവിയ കോൾമാൻ (ദ് ഫേവറിറ്റ് ), ഗ്ലെൻ ക്ലോസ് (ദ് വൈഫ്) എന്നിവർ മികച്ച നടിമാരുടെ പട്ടികയിൽ ഇടം നേടി. ദ് ഫേവറിറ്റിലെ അഭിനയത്തിന് എമ്മ സ്റ്റാൺ മികച്ച സഹനടിക്കുള്ള പട്ടികയിൽ ഇടം നേടി. ഫെബ്രുവരി 24നാണ് അവാർഡ് പ്രഖ്യാപിക്കുക.