തൃശൂർ: തൃശൂരിൽ നടക്കുന്ന യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ വിപുലമായ ഒരുക്കം. യുവത്വം നരേന്ദ്രമോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി 25, 26, 27 തീയതികളിലാണ് സമ്മേളനം. 27 നാണ് പ്രധാനമന്ത്രി എത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് രണ്ടു ലക്ഷം യുവാക്കൾ പങ്കെടുക്കുന്ന റാലിക്കുശേഷം തേക്കിൻകാട് മൈതാനിയിൽ നാലിന് നടക്കുന്ന പൊതുസമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
യുവമോർച്ച സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. 25ന് പതാകജാഥ, കൊടിമരജാഥ, ബലിദാൻ ജ്യോതിജാഥ എന്നിവയുടെ സംഗമം നടക്കും.
26ന് രാവിലെ 10 മുതൽ പാറമേക്കാവ് സ്‌കൂളിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം യുവമോർച്ച അഖിലേന്ത്യാ അദ്ധ്യക്ഷ പൂനം മഹാജൻ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ അഡ്വ. പ്രകാശ് ബാബു, അഡ്വ. കെ.ആർ. ഹരി, അനൂപ് ശങ്കർ എന്നിവർ പങ്കെടുത്തു.