ind

നേപ്പിയ‌ർ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നേപ്പിയറിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 7.30 മുതലാണ് മത്സരം. സ്റ്റാർ സ്‌പോർട്സ് ചാനലുകളിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ട്. ആസ്ട്രേലിയയിൽ ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കാനായതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ കിവികളെ കെണിവച്ച് വീഴ്ത്താനൊരുങ്ങുന്നത്. മറുവശത്ത് ന്യൂസിലൻഡ് ശ്രീലങ്കയെ തകർത്ത് വിട്ട ഊർജ്ജത്തിലാണ് ഇന്ത്യയുടെ വെല്ലുവിളി ഏറ്രെടുക്കുന്നത്. മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടം തീപാറിയതാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. 2013/14 സീസണിൽ കഴിഞ്ഞ ഏകദിന ലോകകപ്പിന് തൊട്ടുമുമ്പാണ് ഇന്ത്യ ഇതിന് മുമ്പ് ന്യൂസിലൻഡിൽ എത്തിയത്. അന്ന് 4-0ത്തിന് കിവികൾ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. അതിന്റെ കണക്ക് തീർക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് ഈ പര്യടനം. ലോകകപ്പ് പടിവാതിക്കൽ എത്തി നിൽക്കെ രണ്ട് ടീമുകൾക്കും മികച്ച മുന്നൊരുക്കത്തിനുള്ള അവസരമാണ് ഇരു ടീമുകൾക്കും ഈ പരമ്പര. ഏകദിന റാങ്കിംഗിൽ ഇന്ത്യ ഒന്നാമതും ന്യൂസിലൻഡ് നാലാമതുമാണെങ്കിലും ഇരുടീമുകൾക്കുമിടയിൽ 9 റേറ്രിംഗ് പോയിന്റിന്റെ വ്യത്യാസമേയുള്ളൂ.

ജയിക്കാൻ ഇന്ത്യ

ചരിത്രത്തിലാദ്യമായി ആസ്ട്രേലിയയിൽ ടെസ്റ്ര്, ഏകദിന പരമ്പരകൾ സ്വന്തമാക്കിയാണ് ഇന്ത്യ കിവിവേട്ടയ്ക്കൊരുങ്ങുന്നത്.ന്യൂസിലൻഡിലും ആ മികവ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കൊ‌ഹ്‌ലിപ്പട. മദ്ധ്യനിരയിലെ തലവേദനയ്ക്ക് ആസ്ട്രേലിയയിൽ വച്ച് ഒരു പരിധിവരെ പരിഹാരം കാണാനായി എന്നത് ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്ന ഘടകമാണ്. ധോണിയെ നാലാം നമ്പറിൽ ഇറക്കിയത് ആസ്ട്രേലിയയിൽ ക്ലിക്കായിരുന്നു. ഇന്ത്യയുടെ ഏകദിന പരമ്പര വിജയത്തിലും അത് നിർണായക ഘടകമായി. നേപ്പിയറിലും ധോണി തന്നെയാകും നാലാം നമ്പറിൽ ഇറങ്ങുക. കേദാർ, കാർത്തിക്ക്, വിജയ് ശങ്കർ എന്നിവർ പിന്നാലെയെത്തിയേക്കും. വിലക്ക് നേരിടുന്ന ആൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് പകരം ടീമിൽ സ്ഥാനം ഉറപ്പിക്കാൻ വിജയ് ശങ്കറിന് ലഭിച്ചിരിക്കുന്ന മികച്ച അവസരമാണ് ഈ പരമ്പര. ഭുവനേശ്വറും ഷമിയും ചഹാലും ബൗളിംഗ് നിരയിൽ ഉണ്ടാകുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ഏകദിനത്തിൽ നന്നായി ഉപയോഗിക്കാൻ കഴിയുന്ന രവീന്ദ്ര ജഡേജയ്ക്കും അവസരം കിട്ടിയേക്കും. അങ്ങനെ വന്നാൽ ഖലീൽ അഹമ്മദും കുൽദീപ് യാദവും പുറത്തിരിക്കേണ്ടി വരും.

സാധ്യതാ ടീം: രോഹിത്, ധവാൻ, കൊഹ്‌ലി, ധോണി, കേദാർ, കാർത്തിക്, വിജയ്, ജഡേജ/കുൽദീപ്/ഖലീൽ, ഭുവനേശ്വർ, ഷമി,ചഹൽ.

കൊത്തിപ്പറിക്കാൻ കിവീസ്

സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം പരമാവധി മുതലാക്കാനുറച്ചാണ് കേൻ വില്യംസണും സംഘവും കളത്തിലിറങ്ങുന്നത്. ലങ്കയ്ക്കെതിരെ കളിച്ച ടീമിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയുണ്ട്. ടോം ലതാം വിക്കറ്ര് കീപ്പറായും പരിക്കേറ്റ നീഷാമിന് പകരം മിച്ചൽ സാന്റ്നർ ആൾറൗണ്ടറായും ടീമിലെത്തിയേക്കും.

സാധ്യതാ ടീം: ഗ്പ്‌ടിൽ, മുൺറോ, വില്യംസൺ, ടെയ്ലർ, ലതാം, ഹെൻറി, ഗ്രാൻഡ്ഹോമ്മെ/സാന്റ്നർ, സൗത്തി, ഫെർഗുസൺ/ ബ്രെയ്സ്‌വെൽ, ബൗൾട്ട്,സോധി.