bjp

തിരുവനന്തപുരം: ആത്മീയാചാര്യന്മാരെയും മഠാധിപതികളെയും രാഷ്ട്രീയത്തിലിടപെടീക്കുന്നത് കേരളത്തെ ഗുജറാത്താക്കി മാറ്റാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു . ആർ.എസ്.എസ്, ബി.ജെ.പി, കോൺഗ്രസ്, ആർ.എസ്‌.പി തുടങ്ങിയ പ്രസ്ഥാനങ്ങൾ വിട്ട് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവരെ സ്വീകരിക്കാൻ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിൽ ആത്മീയാചാര്യന്മാരും മഠാധിപതികളും രാഷ്ട്രീയമാണ് സംസാരിച്ചത്. ഇടതുപക്ഷത്തിനും കമ്മ്യൂണിസ്റ്റുകൾക്കുമെതിരെ ഇവർ പരസ്യമായ നിലപാട് എടുത്തത് കേവലം യാദൃശ്ചികതയല്ല. കേരളത്തിൽ ചുവടുറപ്പിക്കാൻ പലവട്ടം പയറ്റി പരാജയപ്പെട്ട ആർ.എസ്.എസ് പയറ്റുന്ന പുതിയ തന്ത്രത്തിന്റെ ഭാഗമായാണിത്. ആത്മീയാചാര്യമാരെ അണിനിരത്തി കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പറയിച്ചാൽ കേരളത്തിൽ മാറ്റമുണ്ടാകുമെന്ന് ആർഎസ്എസ് സ്വപ്നം കാണുന്നു. എന്നാലിത് വ്യാമോഹം മാത്രമാണ്. ഇത് കേരളമാണ്. വർഗീയ പിന്തിരിപ്പൻ ശക്തികൾക്കെതിരെ എന്നും നിലപാട് സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിനുള്ളത്.

അമൃതാനന്ദമയി ഉൾപ്പെടെയുള്ളവർ ഇതുപോലെ അയ്യപ്പ സംഗമത്തിൽ പഴയ നിലപാട് തിരുത്തി. അമൃതാനന്ദമയി 11 വർഷം മുമ്പ് സ്ത്രീ പ്രവേശനത്തിനനുകൂലമായി പ്രസംഗിച്ചിരുന്നു. ഇപ്പോഴുള്ള നിലപാട് മാറ്റം ആർ.എസ്.എസ് പറഞ്ഞതുകൊണ്ടാണോ എന്ന് അവർ വ്യക്തമാക്കണം. ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനാണ് ആർ.എസ്.എസ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി കമ്മ്യൂണിസ്റ്റുകൾ ക്ഷേത്രങ്ങൾ തകർക്കുമെന്നവർ പ്രചരിപ്പിക്കുന്നു.

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനാണ് അവരുടെ ശ്രമം. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആയുധപരിശീലനവും വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രവർത്തനങ്ങളും നടന്നാൽ അത് ഭീകരവാദത്തിന് വളമേകും. പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകരവാദികൾ ഇതിനുദാഹരണമാണ്. ഇത് തിരിച്ചറിഞ്ഞ് കേരളീയ സമൂഹം ഒറ്റക്കെട്ടായി നിൽക്കണം. നരേന്ദ്ര മോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഇനി നൂറിൽ താഴെ ദിവസം മാത്രമേ മോദി അധികാരത്തിലുണ്ടാകൂ. രാജ്യം മുഴുവൻ മോദി വിരുദ്ധ തരംഗത്തിലാണ്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഇതിനുള്ള ഉദാഹരണമാണ്.

ബി.ജെ.പിക്കു ബദലാകാൻ കോൺഗ്രസിനു ഒരിക്കലും കഴിയില്ല. പാർലമെന്റിലെ 258 ബി.ജെ.പി എം.പിമാരിൽ 103പേരും മുൻ കോൺഗ്രസ് നേതാക്കളായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കുന്ന കോൺഗ്രസുകാർ ആ പാർട്ടിയിൽത്തന്നെ നിൽക്കുമെന്നു ഒരുറപ്പുമില്ല. അതുകൊണ്ടു തന്നെ ഇന്ത്യൻ ജനതയ്ക്ക് കോൺഗ്രസിനെ വിശ്വാസമില്ല.

ബി.ജെ.പിക്കു ബദലാകാൻ ഇടതു, മതനിരപേക്ഷ ശക്തികൾക്കേ കഴിയു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് തെളിയും. ബി.ജെ.പിയെ അധികാരത്തിൽ നിന്നകറ്റി നിർത്തിയ 2004ന്റെ തനിയാവർത്തനമാകും ഈ തെരഞ്ഞെടുപ്പെന്ന് കോടിയേരി പറഞ്ഞു.