rahane

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് വേദിയാകുന്ന ഇന്ത്യ എയും ഇംഗ്ലണ്ട് ലയൺസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. രാവിലെ 9 മുതലാണ് മത്സരം. മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകില്ല. അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീമിൽ ക്രുനാൽ പാണ്ഡ്യ, ശ്രേസ് അയ്യർ,ഹനുമ വിഹാരി, ഇഷാൻ കിഷൻ, അക്സര്‍ പട്ടേല്‍, സിദ്ധാർഥ് കൗൾ, ഷാർദുൽ ഠാക്കൂർ തുടങ്ങിയ പ്രമുഖരെല്ലാം ഉണ്ട്. സാം ബില്ലിംഗ്സിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇംഗ്ലണ്ട് ലയൺസ് ടീമിൽ ഒല്ലി പോപ്പ്, സാഖിബ് മഹമ്മൂദ്, ബെൻ ഡക്കറ്റ് എന്നീ സൂപ്പർ താരങ്ങൾ അണിനിരക്കുന്നുണ്ട്. ലോകകപ്പ് മുന്നിലെത്തി നിൽക്കെ ടീമിൽ ഇടം നേടാനുള്ള അവസരം കൂടിയാണ് താരങ്ങൾക്ക് ഈ പരമ്പര. താരങ്ങളുടെ പ്രകടനം വിലയിരുത്താൻ ഇരു രാജ്യങ്ങളുടെയും സെലക്ടർമാർ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. രഞ്ജി ട്രോഫി സെമി ഫൈനലിൽ എത്തിയ ടീമുകളിലെ കളിക്കാരെ ടീമിലേക്ക് പരിഗണിച്ചില്ല. അതിനാൽ കേരളമുൾപ്പെടെയുള്ള ടീമുകളിലെ താരങ്ങൾക്ക് ഇന്ത്യ എ ടീമിൽ ഇടംപിടിക്കാൻ സാധിച്ചിട്ടില്ല.

ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ഗ്രീൻഫീൽഡിൽ തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ ഇരുടീമും സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങി. മത്സരങ്ങൾ സൗജന്യമായി കാണാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ അവസരമൊരുക്കിയിട്ടുണ്ട്. രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ, മുൻ സിംബാബ്‌വെ താരം ആൻഡ് ഫ്ലവറാണ് ഇംഗ്ലണ്ട് ലയൺസിനെ കളി പഠിപ്പിക്കുന്നത്. പരമ്പരയ്ക്ക് മുമ്പായി ബോർഡ് പ്രസിഡന്റ് ഇലവനെതിരരെ നടന്ന രണ്ട് പരിശീലന മത്സരങ്ങളിലും ഇംഗ്ലണ്ട് ലയൺസ് തോറ്റിരുന്നു.