bjp

ഗാന്ധിനഗർ: 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ ഗുജറാത്തിലെ ബി.ജെ.പിക്ക് തിരിച്ചടിയായി മുൻ മന്ത്രിമാരുടെ കൂറുമാറ്രം. തിരഞ്ഞെടുപ്പിൽ വിജയം കൊയ്ത് തുടർ ഭരണം ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ് മന്ത്രിമാരുടെ കൂറുമാറ്റം. ഗുജറാത്തിലെ മുൻ മന്ത്രിയായ ബിമൽ ഷായും മുൻ എം.എൽ.എയായ അനിൽ പട്ടേലുമാണ് കോൺഗ്രസിൽ ചേർന്നത്. കേശുഭായി പട്ടേലിന്റെ സർക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന വ്യക്തിയാണ് ബിമൽ ഷാ.

ബിമൽ ഷാ, അനിൽ പട്ടേൽ എന്നിവരോടൊപ്പം വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ജഗത് സിംഗ് വാസവയും കോൺഗ്രസിൽ ചേർന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ മൂവർക്കും പാർട്ടി സംസ്ഥാന ആസ്ഥാനത്ത് സ്വീകരണം നൽകി.

ബി.ജെ.പിയിൽ ജനാധിപത്യ രീതിയില്ലെന്നും പാർട്ടിയിൽ സമ്പൂർണ ആധിപത്യം ചിലരിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ബിമൽ ഷാ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി ഒറ്റയ്ക്ക് യാതൊന്നും ചെയ്യുക സാധ്യമല്ല. ഭരണത്തിലിരിക്കുന്ന പാർട്ടിയാണെങ്കിലും, ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് ബി.ജെ.പിക്ക് അറിയില്ല. ജനങ്ങളെ സേവിക്കാനാണ് താൻ കോൺഗ്രസിലേക്ക് വന്നതെന്നും പാർട്ടിയിൽ അമിത് ഷായുടെ പഴയ എതിരാളിയ ബിമൻ ഷാ പറഞ്ഞു.

എട്ട് വർഷത്തോളം ബി.ജെ.പിയുടെ വിവിധ സ്ഥാനങ്ങളിൽ ഇരുന്നിട്ടുണ്ടെന്നും എന്നാൽ നേതാക്കൾക്കിടയിൽ ഏകാധിപത്യമാണെന്നും ബർഡോലിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ആയിരുന്ന അനിൽ പട്ടേലും കുറ്റപ്പെടുത്തി. തെക്കൻ ഗുജറാത്തിലെ ആദിവാസി മേഖലകളിൽ സ്വാധീനമുള്ള നേതാവാണ് രാജി വച്ച അനിൽ പട്ടേൽ. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നേട്ടം കൊയ്യുന്നതിനായി തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് എതിരാളിയായ ബി.ജെ.പിയിൽ നിന്നും നേതാക്കളെ കോൺഗ്രസ് പാളയത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു. ഇതിൽ കോൺഗ്രസ് ലക്ഷ്യം കാണുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.