gopinath-

കൊച്ചി: പ്രമുഖ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരി കെ. കല്ല്യാണികുട്ടിയമ്മയുടെ മകനുമായ തൃശൂർ കൊച്ചാട്ടിൽ വീട്ടിൽ ഗോപിനാഥ് കൊച്ചാട്ടിൽ (82) നിര്യാതനായി. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം എളംകുളം ചിലവന്നൂർ റോഡിലെ മന്ത്ര ഫ്‌ളാറ്റിലായിരുന്നു അന്ത്യം. കേരളകൗമുദി സൈബർ വിഭാഗത്തിൽ എക്സിക്യുട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം എറണാകുളം രവിപുരം പൊതുശ്മശാനത്തിൽ ഇന്നു രാവിലെ 11.30ന്.


ഡൽഹിയിൽ ലിങ്ക് എന്ന മാഗസിനിലാണ് ഗോപിനാഥ് മാദ്ധ്യമപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പാട്രിയോട്ട്, ഹോങ്കോംഗിലെ മോണിംഗ് പോസ്റ്റ്, ഹോങ്കോംഗ് സ്റ്റാൻഡേർഡ്, സൗത്ത് ചൈന മോണിംഗ് പോസ്റ്റ്, ഡെക്കാൺ ഹെറാൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. മാഗസിൻ പത്രപ്രവർത്തനത്തിൽ ദീർഘകാല പരിചയം അദ്ദേഹത്തിനുണ്ട്. കേരളത്തിലേക്ക് തിരികെ വന്നശേഷമാണ് കേരളകൗമുദിയിൽ പ്രവർത്തിച്ചത്. പിതാവ്: പരേതനായ സി. കുട്ടൻ നായർ. ഭാര്യ: സുശീല ഗോപിനാഥ്. മക്കൾ : രഞ്ജീവ് ഗോപിനാഥ്, ശർമ്മിള ഗോപിനാഥ്.