നമ്മുടെ പൊതുവിദ്യാലയങ്ങളിൽ തോൽവി സമ്പ്രദായം തിരിച്ചു വരുന്നത് സമ്മിശ്രഫലം ഉളവാക്കാനാണ് സാദ്ധ്യത. സ്കൂൾ തലം കഴിഞ്ഞ് ഹയർസെക്കൻഡറി തലത്തിലെത്തുന്ന കുട്ടികൾക്ക് മാതൃഭാഷ ഉൾപ്പെടെയുള്ള ഭാഷാവിഷയങ്ങളും മറ്റ് വിഷയങ്ങളിലെ അടിസ്ഥാന തത്വങ്ങളും അറിഞ്ഞുകൂടാത്ത സ്ഥിതി വിശേഷം ചെറിയ തോതിലെങ്കിലും നിലനിൽക്കുന്നുണ്ട്. യു.പി ക്ളാസുകളിൽ ഭാഷാ വിഷയങ്ങളിലെ കുറവുകൾ പരിഹരിക്കാനായി ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം തുടങ്ങിയ പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത് ആശ്വാസ്യമാണ്. നമ്മുടെ കുട്ടികൾക്ക് ഗുണപരമായ മാറ്റം ഇതിലൂടെ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഇത്തരം പദ്ധതികൾ ഭാവിയിൽ ലോവർ പ്രൈമറി ക്ളാസുകളിലേക്ക് മാത്രമായി നടപ്പാക്കിയാൽ കുറേക്കൂടി പ്രയോജനകരവും പ്രായോഗികവും ആയിരിക്കും. കുട്ടി, അപ്പർ പ്രൈമറി ക്ലാസെത്തുന്നതിനു മുൻപായി ഭാഷാ വിഷയങ്ങളും കണക്കിലെ അടിസ്ഥാന വിവരങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തനായാൽ ഉപരിക്ളാസുകളിൽ എത്തുമ്പോൾ അവന്റെ പഠനപുരോഗതിയിൽ വലിയ മാറ്റത്തിന് കാരണമാകും. അദ്ധ്യാപകർക്കും ഇത് ആശ്വാസമായിരിക്കും. ഉയർന്ന ക്ളാസുകളിലെ പാഠഭാഗങ്ങൾ കൂടുതൽ വിശദമായും വിശാലമായും ക്ളാസുകളിൽ അവതരിപ്പിക്കാൻ കഴിയും, അതിലൂടെ തന്റെ ജോലിയിൽ ആത്മസംതൃപ്തി നേടാനും അദ്ധ്യാപകന് കഴിയും.
രാജ്യസഭ പാസാക്കിയ പുതിയ നിയമമനുസരിച്ച് അഞ്ചാം ക്ളാസിലും എട്ടാം ക്ളാസിലും തോൽവി സമ്പ്രദായം തിരിച്ചു കൊണ്ടുവരുമ്പോൾ തോൽക്കുന്ന കുട്ടികൾക്ക് പുനഃപരീക്ഷ നടത്തി വിജയിപ്പിക്കാനാണ് നീക്കം. എന്നാൽ ഇത് വെറും പ്രഹസനമായി മാറാനാണ് സാധ്യത. കാരണം മറ്റൊന്നുമല്ല സ്കൂളിലെ പുനഃപരീക്ഷ എഴുതിയ ആരും തോറ്റിട്ടില്ല എന്നതു തന്നെ. ഇതിലൂടെ കുട്ടി ആർജിക്കേണ്ട അറിവുകൾ നേടുമെന്നുള്ളതിൽ യാതൊരുറപ്പുമില്ല. വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും തോൽവി സമ്പ്രദായവും ശിക്ഷണവും നിറുത്തലാക്കിയതിനു ശേഷം എന്തുകൊണ്ടോ നമ്മുടെ സ്കൂളുകളിലെ ഭൂരിഭാഗം കുട്ടികളും പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കുട്ടികളിൽ പഠനത്തിലുള്ള മത്സരബുദ്ധിയും ആവശ്യകതാ ബോധവും തുലോം കുറഞ്ഞിട്ടുണ്ട് എന്നുള്ളതും ശ്രദ്ധേയമായ വസ്തുതയാണ്. ഇത് പഠനവിധേയമാക്കേണ്ടതാണ് .
കുട്ടി അഞ്ചാം ക്ളാസെത്തുന്നതിനു മുൻപായി തന്നെ അവൻ നേരിടേണ്ട അറിവുകളും (ഭാഷാവിഷയങ്ങൾ കൈകാര്യം ചെയ്യാനും, സംഖ്യാബോധവും ക്രിയകളും ) പഠനത്തിന്റെ പ്രാധാന്യവും മറ്റും കുട്ടി നേടിയെന്ന വസ്തുത ഓരോ അദ്ധ്യാപകനും രക്ഷിതാവിനും ബോദ്ധ്യപ്പെടണം. അങ്ങനെ ആയാൽ തോൽവി സമ്പ്രദായം ഇല്ലാതെ തന്നെ ഒരു പരിധി വരെ ഈ വിഷയത്തിന് പരിഹാരം ആകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ ഭൂരിഭാഗം കുട്ടികളും ജീവിത സുഖങ്ങളും ജയവും മാത്രം നേടി വളരുകയാണ്. അത് നമ്മുടെ ജീവിത സംസ്കാരത്തിന്റെ മറ്റൊരു മുഖം.
ഭൂരിഭാഗം കുട്ടികളും സുഖം മാത്രം അനുഭവിച്ചാണ് വളരുന്നത്. 'ഞാൻ വളരെ കഷ്ടപ്പെട്ട് ദുരിതം അനുഭവിച്ചാണ് ഈ നിലയിലെത്തിയത് അതുകൊണ്ട് എന്റെ മക്കൾ ആ ബുദ്ധിമുട്ട് അനുഭവിക്കാൻ പാടില്ല. അവർക്ക് ഒരു കുറവും വരാൻ ഇടയാകരുത് "എന്നാണ് പല രക്ഷിതാക്കളുടെയും ഭാഷ്യം. പക്ഷേ തീർത്തും അനാരോഗ്യകരമായ കാഴ്ചപ്പാടാണിത്. നമ്മുടെ ജീവിത പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും വിഷമതകളും സാമ്പത്തിക കാര്യങ്ങളും എല്ലാം അറിഞ്ഞു കൊണ്ട് തന്നെ കുട്ടികൾ വളരണം. വീട്ടിലെ സാമ്പത്തിക സ്രോതസുകളും അതിന്റെ പ്രാധാന്യവും വിനിയോഗവും ഒക്കെത്തന്നെ കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അറിഞ്ഞിരിക്കണം.
ഇരുപത്തിമൂന്ന് വയസിനുള്ളിൽ ഒരു കുട്ടിയും സ്വന്തമായി മൊബൈൽ വാങ്ങാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. അതുപോലെ തന്നെ പ്രൈമറി ക്ലാസുമുതൽ ഹയർസെക്കൻഡറി തലം വരെയെങ്കിലും കുട്ടികൾ, വീട്ടിൽ നിന്നും സ്കൂളിൽ പോയി വരുന്നത് വരെയുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും തന്റെ രക്ഷിതാക്കളോട് അല്ലെങ്കിൽ അദ്ധ്യാപകരോട് തുറന്നു പറയാൻ പ്രാപ്തരാക്കണം. കുട്ടി എപ്പോഴെങ്കിലും വീട്ടുകാരുമായി ആശയങ്ങൾ പങ്കുവയ്ക്കാൻ വൈമനസ്യം കാണിക്കുന്നുവെങ്കിൽ ഒന്നുറപ്പിക്കാം അവൻ അല്ലെങ്കിൽ അവൾ എന്തോ കുഴപ്പത്തിൽ ചെന്ന് ചാടിയിട്ടുണ്ടാകും എന്ന്. അതുപോലെ തന്നെ പല രക്ഷിതാക്കളും കുട്ടിയെ താഴ്ന്ന ക്ലാസിൽ കൊണ്ട് ചേർത്തതിന് ശേഷം പത്താം ക്ളാസിലെ രക്ഷാകർത്താ മീറ്റിങ്ങിനായിരിക്കും എത്തുക. ഇതും തിരുത്തേണ്ട കാര്യമാണ്.
കുറഞ്ഞത് രണ്ടുമാസം കൂടിയിരുന്നെങ്കിലും തന്റെ കുട്ടിയുടെ പഠനനിലവാരം അറിയാൻ രക്ഷിതാക്കൾ സ്കൂളിലെത്തണം. അതേപോലെ തിരിച്ചും, കുട്ടിയുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കാൻ അദ്ധ്യാപകനും കഴിയണം. കുട്ടികൾ വഴിതെറ്റി പോകാതിരിക്കാൻ ഈ കരുതൽ കൂടുതൽ ഉപകരിക്കും.
കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ തോൽവി സമ്പ്രദായം തിരികെ കൊണ്ട് വരുമ്പോൾ ഇതൊന്നും താങ്ങാൻ കഴിയാത്ത കുട്ടികൾ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ, അത് പിന്നെ കുട്ടികളുടെ മേലുള്ള അവകാശ ലംഘനമായി, പീഡിപ്പിക്കലായി അങ്ങനെ എല്ലാവരും ആകെ കുഴപ്പത്തിലായി എന്ന സ്ഥിതിയിലുമാകാം . ആയതിനാൽ വരുംതലമുറയെ ജീവിതത്തിൽ ഉടനീളം കരുത്തുള്ളവരായി, കാര്യപ്രാപ്തിയുള്ളവരായി, ലക്ഷ്യബോധമുള്ളവരായി വാർത്തെടുക്കാൻ നമുക്കൊരുമിച്ച് ശ്രമിക്കാം
(ലേഖകൻ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവാണ്. ഫോൺ : 9496241070 )