prayag-kumbamela

പ്രയാഗ്‌രാജ് : കുംഭമേള ഹിന്ദുക്കളുടെ ആത്മീയ സംഗമമാണ്. ഇപ്പോൾ പ്രയാഗ്‌രാജായ പഴയ അലഹബാദിൽ ജനുവരി 15ന് തുടങ്ങി മാർച്ച് 4 ശിവരാത്രി ദിനത്തിൽ സമാപിക്കുന്ന കുംഭമേളയിലൂടെ യു.പി സർക്കാരിന് 1.2 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ലഭിക്കുക. ആത്മീയ വശത്തിനപ്പുറം കുംഭമേളയ്ക്ക് ഒരു സാമ്പത്തിക മുഖമുണ്ട്. വിവിധ മേഖലകളിലായി 6 ലക്ഷം പേർക്ക് ഇത് തൊഴിൽ നൽകുമെന്ന് കോൺഫിഡറേഷൻ ഒഫ് ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) റിപ്പോർട്ടിൽ പറയുന്നു.

യു.പി സർക്കാർ 50 ദിവസം നീണ്ടുനിൽക്കുന്ന ഇത്തവണത്തെ കുംഭമേളയുടെ നടത്തിപ്പിനും ഒരുക്കത്തിനുമായി 4200 കോടി രൂപയാണ് വകയിരുത്തിയത്. ഇത് 2013ലെ കുംഭമേളയ്ക്ക് അനുവദിച്ചതിനെ അപേക്ഷിച്ച് മൂന്ന് മടങ്ങ് കൂടുതലാണ്. ഹോട്ടൽ ബിസിനസ് രംഗത്ത് 2,50,000 പേർക്ക് കുംഭമേള ജോലി ഉറപ്പാക്കുന്നു. എയർപോർട്ട്, എയർലൈൻസ് എന്നീ മേഖലകളിൽ 1,50,000 പേർക്കും 45,000 ടൂർ ഓപ്പറേറ്റർമാർക്കും തൊഴിൽ ലഭിക്കുന്നു. മെഡിക്കൽ ടൂറിസം രംഗത്ത് 85,000 പേർക്കും പണി കിട്ടുന്നു. ഇതിന്റെ പാർശ്വഫലമായി അസംഘടിത മേഖലയിൽ 55,000 പുതിയ തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഇതിൽ ഗൈഡുകൾ, ടാക്സി ഡ്രൈവർമാർ, പരിഭാഷാ വിദഗ്ദ്ധർ, വോളന്റിയർമാർ തുടങ്ങിയവർ ഉൾപ്പെടുന്നു. ഗവൺമെന്റ് ഏജൻസികളുടെയും വ്യാപാരികളുടെയും വരുമാനം ഗണ്യമായി ഉയരും.

കുംഭമേളയിൽ നിന്ന് 1.2 ലക്ഷം കോടി യു.പിയ്ക്ക് ലഭിക്കുമ്പോൾ രാജസ്ഥാൻ, ഉത്തർഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും മോശമല്ലാത്ത വിഹിതം ലഭിക്കും. കുംഭമേളയ്ക്ക് വരുന്ന സംഘങ്ങൾ ഈ സംസ്ഥാനങ്ങളിലെ പുണ്യസങ്കേതങ്ങൾ സന്ദർശിക്കുന്നതിലൂടെയാണിത്.

2013ലെ കുംഭമേളയ്ക്ക് യു.പിയിലെ സർക്കാർ 1300 കോടി മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും ഒരുപോലെ ഭക്തജനങ്ങൾ എത്തുമെന്നതാണ് കുംഭമേളയുടെ പ്രത്യേകത. പട്ടണങ്ങളിൽ നിന്നെത്തുന്നവർ താരതമ്യേന കൂടുതൽ പണം യാത്രയ്ക്കും മറ്റു സൗകര്യങ്ങൾക്കുമായി ചെലവഴിക്കും.

തീർത്ഥാടകരുടെ സൗകര്യത്തിനായി അധികൃതർ 4000 ടെന്റുകളുള്ള ഒരു ചെറു പട്ടണം തന്നെ ഒരുക്കിയിട്ടുണ്ട്. വെള്ളം, വൈദ്യുതി, എൽ.ഇ.ഡി വെളിച്ചം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടെയുമാണിത്.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പ്രയാഗ് രാജിൽ ഒരു പുതിയ വിമാനത്താവളവും നിർമ്മിച്ചു. 22 പാലങ്ങളും പുതുതായി നിർമ്മിച്ചു. 250 കിലോമീറ്റർ റോഡും പുതുക്കിപ്പണിതു. 2000 വർഷങ്ങൾക്കുമുമ്പ് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഹുയാൻ സാൻ കുംഭമേളയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.കുംഭമേള അവസാനിക്കുന്ന മഹാശിവരാത്രി ദിനത്തിനുള്ളിൽ 12 കോടി ആളുകൾ സംഗമസ്ഥാനത്തെത്തി സ്‌നാനം നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ദിനം തന്നെ രണ്ടുലക്ഷത്തിലേറെപ്പേർ എത്തിയിരുന്നു.