nitin-gadkari

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപിച്ച് ശിവസേന. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതിൻ ഗഡ്കരിയാണ് എത്തുന്നതെങ്കിൽ ശിവസേന അദ്ദേഹത്തെ പിന്തുണക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. അടുത്ത തവണ തൂക്ക് മന്ത്രിസഭയാണ് വരാൻ പോകുന്നതെന്നും അദ്ദേഹംപറഞ്ഞു. ബി.ജെ.പിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്രമോദിക്ക് പകരം ഗഡ്കരിയെ ഉയർത്തിക്കാട്ടുമെന്ന അഭ്യൂഹങ്ങൾ നിലനില്ക്കവെയാണ് ശിവസേനയുടെ പുതിയ നീക്കം.

വരുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതിൻ ഗഡ്കരിയാണ് വരുന്നതെങ്കിൽ പിന്തുണക്കാൻ ശിവസേന മടിക്കില്ല. നരേന്ദ്രമോദിക്ക് എതിരായ പ്രതിപക്ഷ ഐക്യത്തിൽ കോൺഗ്രസ് കൂടി ഇല്ലാതെ വിജയം നേടാനാവില്ലെന്ന് റാവത്ത് വിശദമാക്കി. ''ബി.ജെ.പി എപ്പോഴും അവരുടെ കാര്യങ്ങൾക്കാണ് ശ്രദ്ധ കൊടുക്കുന്നത്. സഖ്യം എന്നത് ശിവസേനയുടെ നിഘണ്ടുവിൽ ഇല്ലാത്ത കാര്യമാണ്. അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ കാര്യം മാത്രം നോക്കാൻ തീരുമാനിച്ചു'' അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള വാക്പോരുകൾ മുറുകുമ്പോഴും തനിക്ക് പ്രധാനമന്ത്രിയാകാൻ യാതൊരു ആഗ്രഹവുമില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകണമെന്നും നിതിൻ ഗഡ്കരി പ്രസ്താവിച്ചിരുന്നു.