amit-shah

കൊൽക്കത്ത: ദേശീയ പൗരത്വപട്ടിക(എൻ.ആർ.സി)യെ കുറിച്ച് രാജ്യത്തെ ഹിന്ദുക്കളും, ക്രിസ്‌ത്യാനികളും, ബുദ്ധരും സിഖുകാരും, ഭയപ്പെടേണ്ടതില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. ഇവർക്ക് പൗരത്വം നൽകാൻ വേണ്ടിയാണ് പൗരത്വബിൽ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമബംഗാളിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച്കൊണ്ട് മാൽഡയിലാണ് അമിത് ഷാ ഈ കാര്യം പറഞ്ഞത്.

നുഴഞ്ഞുകയറ്റക്കാരുമായി അടുത്തബന്ധമാണ് തൃണമൂലിനുള്ളത്. ‘നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനാണ് എൻ.ആർ.സി കൊണ്ടു വന്നത്. പക്ഷെ, ഇത് ബംഗാളികളെ പുറത്താക്കാനാണെന്ന് അവർ തെറ്റിദ്ധരിപ്പിച്ചു. ബംഗാളിൽ ജീവിക്കുന്ന ഹിന്ദുക്കളും സിഖുകാരും ബുദ്ധവിശ്വാസികളുമായ അഭയാർത്ഥികളോട് പറയാനുള്ളത് നിങ്ങൾ ഭയപ്പെടേണ്ടെന്നാണ്. പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നത് എല്ലാ ബംഗ്ലാദേശി ഹിന്ദുക്കൾക്കും പൗരത്വം നൽകാനാണ്.

ആരെയും ഒഴിവാക്കില്ല, ബുദ്ധരോ, സിഖുകാരനോ, ക്രിസ്ത്യാനിയോ ആവട്ടെ. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും അടിച്ചമർത്തപ്പെട്ടവർക്ക് ബി.ജെ.പിയുടെ മോദി സർക്കാർ പൗരത്വം നൽകും'. പൗരത്വഭേദഗതി ബില്ലിൽ മുഖ്യമന്ത്രി മമത നിലപാട് വ്യക്തമാക്കണമെന്നും ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾ നിങ്ങളിൽ നിന്ന് ഉത്തരം തേടുന്നുവെന്നും ഷാ പറഞ്ഞു.