2019-election

ന്യൂഡൽഹി:നരേന്ദ്ര മോദി സർക്കാരിനെ ഏത് വിധേനയും താഴെയിറക്കണമെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഏതാണ്ടെല്ലാ പ്രതിപക്ഷ പാർട്ടികളും കാലങ്ങളായുള്ള വൈരം മറന്ന് ഒന്നിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള രണ്ട് തരം സഖ്യമാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വയ്‌ക്കുന്നത്. ബി.ജെ.പിയ്‌ക്ക് പരമാവധി സീറ്റ് കുറയ്‌ക്കുകയാണ് തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിന്റെ ലക്ഷ്യമെങ്കിൽ മറ്റ് പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കുന്നതിൽ നിന്നും ബി.ജെ.പിയെ തടയുകയാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്റെ ലക്ഷ്യം. എന്നാൽ മോദിയെ തോൽപ്പിക്കുകയെന്ന ലക്ഷ്യത്തേക്കാൾ ഇപ്പോൾ പലതട്ടിൽ നിൽക്കുന്ന വിവിധ പാർട്ടികളെ ഒരുമിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ ആദ്യനീക്കം.

ഇപ്പോൾ മൂന്ന് ഗ്രൂപ്പുകളായാണ് പ്രതിപക്ഷ പാർട്ടികൾ നിൽക്കുന്നത്

 കോൺഗ്രസ് - ബി.ജെ.പി വിരുദ്ധ ചേരിയിൽ നിൽക്കുന്ന പാർട്ടികൾ

ബി.ജെ.പി വിരുദ്ധരും കോൺഗ്രസിനെ അനുകൂലിക്കുന്നവരുമായ പാർട്ടികൾ

തിരഞ്ഞെടുപ്പിന് ശേഷം മാത്രം സഖ്യതീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച പാർട്ടികൾ

ഇപ്പോൾ പ്രതിപക്ഷം രൂപീകരിച്ചിരിക്കുന്ന മഹാസഖ്യത്തിൽ ദേശീയ പാർട്ടികളേക്കാൾ പ്രദേശിക പാർട്ടികളാണുള്ളത്. ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രം നിർണായക സ്വാധീനമുള്ള ഈ പാർട്ടികളെ മുൻനിറുത്തി ദേശീയതലത്തിൽ മഹാസഖ്യം രൂപീകരിക്കുന്നത് വെല്ലുവിളിയാകും. ഈ പാർട്ടികളെ വച്ച് തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യമുണ്ടാക്കുന്നതും തിരിച്ചടിയാണ്. ഉദാഹരണത്തിന് തെലങ്കാനയിലെ ടി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ് എന്നീ പാർട്ടികൾ ബി.ജെ.പി - കോൺഗ്രസ് വിരുദ്ധ ചേരിയിൽ നിൽക്കുന്നവരാണ്. കേന്ദ്രത്തിൽ ബി.ജെ.പി - കോൺഗ്രസ് രഹിത സർക്കാർ വരണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത്. ദേശീയ തലത്തിൽ ഇവർ കോൺഗ്രസിനെ പിന്തുണയ്‌ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ഏത് സഖ്യത്തിൽ നിൽക്കണമെന്ന് ഇവർ തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷമാകും ഇവർ തീരുമാനമെടുക്കുന്നത്. സി.പി.എം, തെലുങ്ക് ദേശം പാർട്ടി, മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ, ബിജു ജനതാദൾ തുടങ്ങിയ പാർട്ടികളും സമാന നിലപാട് സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ ക്യാമ്പിൽ വിള്ളലുണ്ടാക്കി പരമാവധി വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴ്‌ത്തുകയെന്ന തന്ത്രമാകും ബി.ജെ.പി സ്വീകരിക്കുന്നത്. ഒപ്പം പ്രാദേശിക പാർട്ടികളെ ഒപ്പം നിറുത്തിയുള്ള സഖ്യത്തിനും ബി.ജെ.പി ശ്രമിച്ചേക്കും.