കൊൽക്കത്ത: പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്‌ടർ ലാൻഡ് ചെയ്യാൻ പശ്ചിമബംഗാൾ സംസ്ഥാന ഭരണകൂടം അനുമതി നൽകാത്തതിനെ തുടർന്ന് ജാർഗ്രാമിലെ ബി.ജെ.പി റാലി റദ്ദാക്കിയതായി റിപ്പോർട്ട്. തെക്കൻ പശ്ചിമബംഗാളിലെ ജാർഗ്രാമിലെ റാലിയിൽ പങ്കെടുക്കാനായി ഇന്ന് രാവിലെ അമിത് ഷാ എത്തിയപ്പോഴാണ് സംഭവം. മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് ഇടപെട്ട് അമിത് ഷായുടെ ഹെലിക്കോപ്ടറിന് ലാൻഡിംഗ് അനുമതി നിഷേധിച്ചെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. അനുമതിക്കായി അവസാന നിമിഷവും ബി.ജെ.പി ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഏറെ നേരം ആകാശത്ത് കാത്തുനിന്ന ശേഷം അമിത് ഷാ തിരികെ പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന റാലിക്കായി മാൽഡ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനും അമിത് ഷായുടെ ഹെലിക്കോപ്‌ടറിന് അനുമതി നിഷേധിച്ചിരുന്നു.എന്നാൽ സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ കുറേ നാളുകളായി ഇവിടെ വി.വി.ഐ.പികളുടെ ഹെലികോപ്‌ടറുകൾ ഇറങ്ങാൻ അനുവദിക്കുന്നില്ലെന്നാണ് സംസ്ഥാന ഭരണകൂടം നൽകുന്ന വിശദീകരണം. മുഖ്യമന്ത്രി മമതാ ബാനർജിയുടേത് അടക്കമുള്ള ഹെലിക്കോപ്‌ടറുകൾക്ക് അനുമതി നിഷേധിച്ചതായും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ മമതാ ബാനർജി രാഷ്ട്രീയ വൈരം തീർക്കുകയാണെന്നാണ് ബി.ജെ.പി ആരോപണം.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി റാലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെയും പ്രതിപക്ഷ പാർട്ടികൾക്കെതിരെയും രൂക്ഷവിമർശനമാണ് അമിത് ഷാ ഉന്നയിച്ചത്. അധികാരത്തിന് വേണ്ടിയുള്ള അത്യാർത്തി മൂലമാണ് പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ ഒന്നിച്ചിരിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. പാവപ്പെട്ട ജനങ്ങളിൽ നിന്ന് പോലും സംസ്ഥാന സർക്കാർ അധിക നികുതി ഈടാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.