മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് സൂപ്പർസ്‌റ്റാർ രജനിയുടെ പേട്ട. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത ചിത്രം ഏതൊരു രജനി ചിത്രവും പോലെ മാസും ആക്ഷനും നിറഞ്ഞതു തന്നെയാണ്. എന്നാൽ പീറ്റർ ഹെയ്‌ൻ എന്ന ഇന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫർ ഒരുക്കിയ സംഘട്ടന രംഗങ്ങൾ ചിത്രത്തിന് നൽകിയ മാനം മറ്റൊന്നാണ്. ചിത്രീകരണത്തിന്റെ ഒരവസരത്തിൽ തനിക്ക് പ്രായം എഴുപതായെന്നും ഇത്രത്തോളം പീഡനം വേണോ എന്നുവരെ രജനി തന്നോട് ചോദിച്ചിരുന്നുവെന്ന് പറയുകയാണ് പീറ്റർ.
'ചിത്രത്തിൽ നുഞ്ചാക്ക് ഫൈറ്റ് സ്വീക്വൻസ് ഉണ്ട്. കത്തി, തോക്ക് ഇതൊക്കെ രജനിസാർ മുൻപും പല ചിത്രങ്ങളിലും ചെയ്‌തിട്ടുണ്ട്. ബ്രൂസ്‌ലീക്ക് ശേഷം പലരും അത് ചെയ്‌തിട്ടുണ്ടെങ്കിലും രജനി സാർ ചെയ്‌താൽ അതിലൊരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നി. സംവിധായകനുമായി ചർച്ച ചെയ്‌തു. നുഞ്ചാക്ക് ചെയ്യണമെങ്കിൽ നല്ല പരിശീലനം വേണമെന്നും ഇത് രജനിസാറിനോട് പറയണമെന്നും സംവിധായകനോട് പറഞ്ഞു. എന്നാൽ അദ്ദേഹം ആ ദൗത്യം എന്നെ ഏൽപ്പിച്ചു.
അങ്ങനെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുൻപെ രജനിസാറിനെ കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടു. തുടർന്ന് വീട്ടിലെത്തി അദ്ദേഹത്തോട് കാര്യം പറഞ്ഞു. നുഞ്ചാക്കിനെക്കുറിച്ചും വേണ്ട പരിശീലനത്തെക്കുറിച്ചും സംസാരിച്ചു. ഷൂട്ടിംഗിന് മുൻപ് പരിശീലനം നടത്താൻ അദ്ദേഹം സമ്മതിച്ചു. പിന്നീട് വേഗത കൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഒന്നരമാസത്തെ പരിശീലനം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൈ വേദനിക്കുന്നുവെന്നു പറഞ്ഞു.
ഇടയ്‌ക്കിടെ എന്നോടദ്ദേഹം പറയുമായിരുന്നു, 'എനിക്ക് 70 വയസാകാറായി, ഇത്ര പ്രായമുള്ള ഒരു മനുഷ്യനെ ഇങ്ങനെയൊക്കെ പീഡിപ്പിക്കാമോ' എന്ന്. സർ ഇതൊക്കെ ചെയ്‌താൽ ആരാധകർക്ക് സന്തോഷമാകുമെന്ന് മറുപടി നൽകി. പരിശീലനം കാരണമാണ് ആ രംഗങ്ങൾ ഇത്ര മനോഹരമായി പ്രേക്ഷകരിലേക്കെത്തിയത്'- പീറ്റർ പറയുന്നു.
മലയാളത്തിൽ മമ്മൂട്ടി ചിത്രം മധുരരാജ, പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലാണ് പീറ്റർ ഹെയ്‌ൻ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത്.