53-police-stations

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസം 'ഓപ്പറേഷൻ തണ്ടർ' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ വൻക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസുകാർക്കെതിരെ നിയമ നടപടിയെടുക്കാൻ വിജിലൻസ് നിർദ്ദേശം. അനധികൃതമായി സ്റ്റേഷനുകളിൽ സ്വർണ്ണവും കഞ്ചാവും സൂക്ഷിച്ചതിനാണ് നടപടി.

സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിലാണ് ഇന്നലെ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ് ഡയറക്ടർ നിർദ്ദേശിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ കോഴിക്കോട് ടൗൺ,​ ബേക്കൽ,​ അടിമാലി സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നേരെ നടപടിയെടുക്കാനാണ് വിജിലൻസ് നിർദേശം.

മിന്നൽ പരിശോധനയിൽ കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ബേക്കൽ സ്റ്റേഷനിൽ എസ്.ഐയുടെ മേശയിൽ അനധികൃതമായി 29 കവറുകളിൽ സൂക്ഷിച്ച 250ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഇതോടൊപ്പം 12.7ഗ്രാം സ്വർണവും 5 മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. അതേസമയം കോഴിക്കോട് ടൗൺ സ്​റ്റേഷനിൽ നിന്ന് 11.52ഗ്രാം സ്വർണവും 4223 രൂപയും 2 മൊബൈൽ ഫോണുകളും 11 പെ​റ്റീഷനുകളുമാണ് കണ്ടെത്തിയത്.

അനധികൃതമായി പിടിച്ചിട്ട നൂറോളം വാഹനങ്ങളും രേഖകളും വിജിലൻസ് കണ്ടെത്തിയിരുന്നു. പൊലീസുകാർക്ക് ക്വാറി മാഫിയകളുമായി ബന്ധമുണ്ടെന്നും പണമിടപാടു കേസുകളിലും വാഹനാപകട കേസുകളിലും ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും ഇന്റലിജൻസ് റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലായിരുന്നു മിന്നൽ പരിശോധന.