novel

മരിയ ഫെർണാണ്ടസ് ഞെട്ടിത്തിരിഞ്ഞ് രാഹുലിനെ നോക്കി:
''പോലീസാകുമോ?'
ആയാൽ ഒട്ടും അത്ഭുതപ്പെടാനില്ല..'


രാഹുലിന്റെ മുഖത്തു പക്ഷേ നേർത്ത ചിരിയായിരുന്നു. കാരണം തന്നെ സ്ത്രീ പീഡനത്തിൽ കുരുക്കാനാണ് ഇവളെക്കൊണ്ട് പോലീസോ മുഖ്യനോ ഇങ്ങനെ ഒരു നാടകം കളിപ്പിച്ചതെന്ന സംശയം നേരത്തെ അവനുണ്ടായിരുന്നു....


എന്നാൽ ഇപ്പോൾ പുറത്തുവന്ന ആൾ ആരായിരിക്കുമെന്ന് രാഹുലിനു ഒരു ഊഹമുണ്ട്.
കാരണം മരിയ വാതിൽ അടച്ച നിമിഷത്തിൽ അവൻ ഒരാൾക്ക് ഫോണിൽ കാൾ അയച്ചിരുന്നു.
ആ ആൾ മുറിയിൽ നടന്നത്രയും കേട്ടിട്ടുമുണ്ടാവും!


വാതിൽ വീണ്ടും മുട്ടുന്ന ഒച്ച. മരിയയ്ക്കു പരിഭ്രമമേറി....
പോലീസാണെങ്കിൽ, നേരത്തെ രാഹുൽ പറഞ്ഞതു സത്യമാണെങ്കിൽ തന്റെ ശരീരം കൊണ്ടുപോകാനാവും വന്നിരിക്കുന്നത്.
താൻ ഇങ്ങനെ തന്നെ നിൽക്കുന്നതു കാണുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും?


''എന്തായാലും നീ ധൈര്യമായിട്ടു നിൽക്ക്...'
പറഞ്ഞുകൊണ്ട് രാഹുൽ വാതിലിന്റെ കൊളുത്തിൽ കൈവച്ചു.
ആ സമയത്ത് കോവളത്ത് ഹോട്ടലിൽ
മൊബൈലിൽ സമയം നോക്കി ഇരിക്കുകയായിരുന്നു മുഖ്യമന്ത്രി വേലായുധൻ മാസ്റ്ററുടെ പി.എ ശിവദാസൻ.
''കാര്യം നടക്കുമല്ലോ.. അല്ലേ ശിവദാസാ?'


സംശയത്തോടെ മാസ്റ്റർ തിരക്കി. ശിവദാസൻ ചിരിച്ചു.
''ഞാൻ ഏറ്റിട്ടുള്ള ഏതെങ്കിലും കാര്യം നടക്കാതിരുന്നിട്ടുണ്ടോ സാറേ? ഏറിയാൽ ഇനി പത്തുമിനിട്ട്. അവനെയും അവളെയും പോലീസ് പൊക്കിയിരിക്കും. ഇമ്മോറൽ ട്രാഫിക് നടന്നുകൊണ്ടിരിക്കുന്ന നേരത്തു തന്നെ...'


പത്തുലക്ഷം രൂപയാണ് ശിവദാസൻ, മരിയ ഫെർണാണ്ടസിന് വാഗ്ദാനം നൽകിയിരുന്നത്.
കഞ്ചാവടിച്ച് കറങ്ങി നടക്കുന്ന തന്റെ ആൺ സുഹൃത്തിനൊപ്പം ഹോളിഡെ ആസ്വദിക്കാൻ കോവളത്ത് എത്തിയതാണ് അവൾ.
പക്ഷേ ഹോട്ടലിൽ കൊടുക്കാൻ പോലും പണമില്ലാതായപ്പോൾ മരിയ എന്തിനും സമ്മതിക്കുകയായിരുന്നു.


ഏറ്റവും പ്രധാനപ്പെട്ട കാര്യം പലവട്ടം പല പുരുഷന്മാരുമായി ഇവിടെയെത്തിയിട്ടുള്ളതിനാൽ അവൾക്ക് നന്നായി മലയാളം സംസാരിക്കാൻ അറിയാം എന്നുള്ളതായിരുന്നു.


''താൻ ആ സി.ഐയെ ഒന്നു വിളിച്ചു നോക്കിക്കേ..'
മുഖ്യൻ വീണ്ടും പറഞ്ഞു.
ശിവദാസൻ ഫോൺ എടുത്ത് മെഡിക്കൽ കോളേജ് സി.ഐയെ വിളിച്ചു.
അരമിനിട്ടു നേരത്തെ സംസാരം.


കാൾ മുറിച്ചിട്ട് ശിവദാസൻ അറിയിച്ചു.
''മീഡിയപ്പടയുമായി സി.ഐ ധനപാലൻ അവന്റെ വാതിൽക്കൽ എത്തിക്കഴിഞ്ഞു.
മാസ്റ്ററുടെ മുഖം തെളിഞ്ഞു.


ഇടനാഴിയിൽ നിന്നുകൊണ്ട് അപ്പോൾ മെഡിക്കൽ കോളേജ് സി.ഐ, രാഹുലിന്റെ റൂമിന്റെ വാതിലിൽ കെയിൻ കൊണ്ടു മുട്ടി.
ആദ്യം പ്രതികരണം ഉണ്ടായില്ല.


''വാതിൽ തുറക്കാനാണു പറഞ്ഞത്.' സി.ഐ ശബ്ദമുയർത്തി.
''ആരാ?'
അകത്തുനിന്ന് രാഹുലിന്റെ ശബ്ദം കേട്ടു.
''പോലീസ്.'


':ആഹാ. ഞാൻ വിചാരിച്ചു വല്ല പിടിച്ചുപറിക്കാരും ആയിരിക്കുമെന്ന്.'
പറഞ്ഞുകൊണ്ട് രാഹുൽ വാതിൽ തുറന്നു.


പോലീസ് സംഘത്തെയും തൊട്ടു പിന്നിൽ ക്യാമറക്കാരെയും കണ്ട് അവൻ നെറ്റിചുളിച്ചു.
''എന്താ സാറേ.. പ്രസ് മീറ്റാ?' അതോ ഇന്നത്തെ ചാനൽ ചർച്ച എന്റെ റൂമിലാണോ?'


''ഇന്നു മിക്കവാറും കുറെ ചർച്ചകൾ നടക്കുമെടാ.'
പറഞ്ഞുകൊണ്ട് രാഹുലിനെ ഒരു വശത്തേക്കൊതുക്കി സി.ഐ ധനപാലൻ അകത്തേക്കു കയറി.
''നിങ്ങളും കേറിക്കോ. സാറിന്റെ കണ്ണെത്തുന്നിടത്തൊക്കെ ക്യാമറക്കണ്ണുകൾ എത്തിക്കോണം. അല്ലെങ്കിൽ കിട്ടുന്ന നിധിയിൽ പകുതി അടിച്ചുമാറ്റുന്ന കക്ഷിയാണ്. നിങ്ങൾക്ക് അറിയാമല്ലോ.. എന്റെ അച്ഛൻ മന്ത്രിയായിരുന്നപ്പോൾ ഇദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട്.'


സി.ഐ വിളറിപ്പോയി. എങ്കിലും അത് കേൾക്കാത്ത ഭാവം നടിച്ചു.
സി.ഐ ആ മുറിയിൽ പ്രതീക്ഷിച്ച ആളെ കണ്ടില്ല.


പെട്ടെന്ന് ബാത്ത്റൂമിൽ വെള്ളം വീഴുന്ന ഒച്ച.. അയാൾ അതിന്റെ വാതിൽക്കലേക്കു പാഞ്ഞു. (തുടരും)