actor-dileep

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റി വച്ചു. സർക്കാർ സത്യവാങ്മൂലത്തിന് കൂടുതൽ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നാണ് സുപ്രീംകോടതി ഹർജി പരിഗണിക്കുന്നത് മാറ്റി വച്ചത്. ഫെബ്രുവരി അവസാനമാണ് ഇനി ഹർജി പരിഗണിക്കുക. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ഹർജി മാറ്റി വച്ചത്.

നടിയെ അക്രമിച്ച കേസിൽ വീഡിയോ ദൃശ്യങ്ങളിലെ സംഭാഷണം ഉപകരിക്കുമെന്ന് കാണിച്ചാണ് ദിലീപ് മെമ്മറി കാർഡ് ആവശ്യപ്പെട്ടത്. എന്നാൽ ദിലീപിന് മെമ്മറി കാർഡിന്റെ പകർപ്പ് നൽകാനാകില്ലെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.

നടിയെ ആക്രമിച്ച് നീലച്ചിത്രം പകർത്താനാണ് പ്രതികൾ ഉദ്ദേശിച്ചതെന്നും വീഡിയോ പുറത്ത് വന്നാൽ ഇരയ്ക്ക് ആജീവനാന്തം ഭീഷണി ഉണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡ് തൊണ്ടിമുതൽ തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിലയിരുത്തിയാണ് ഹൈകോടതി ദിലീപിന്റെ ആവശ്യം തള്ളിയത്. ഇതിനെതിരായാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.