oommen-chandy

തിരുവനന്തപുരം : ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ കേരളത്തിൽ ഉമ്മൻചാണ്ടിയെക്കൂടി മത്സരരംഗത്തിറക്കി പരമാവധി സീറ്രുപിടിക്കാൻ കോൺഗ്രസ് നീക്കം. അദ്ദേഹം മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തിപ്രാപിക്കുകയാണ്. നിർണായക തിരഞ്ഞെടുപ്പായതിനാൽ ഉമ്മൻചാണ്ടി കൂടി മത്സര രംഗത്ത് ഉണ്ടാകുന്നത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. മത്സരിക്കാൻ ഉമ്മൻചാണ്ടിക്ക് താത്പര്യമില്ലെന്നാണ് സൂചന. എന്നാൽ, സമ്മർദ്ദം ശക്തമായാൽ മത്സരിക്കാൻ അദ്ദേഹം തയാറായേക്കും. ഹൈക്കമാൻഡിന്റെ സമ്മർദം കൂടി ഉണ്ടെങ്കിൽ ഉമ്മൻചാണ്ടി മത്സരിക്കുമെന്നാണ് അറിയുന്നത്.

ദേശീയ രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിക്ക് കാര്യമായ സ്പേസ് ഉണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണവും ഉമ്മൻചാണ്ടി മത്സരിക്കുമെന്നതിന്റെ ചൂണ്ടുപലകയായി വ്യാഖ്യാനിക്കുന്നുണ്ട്. ഏത് മണ്ഡലത്തിൽ നിന്നാലും ഉമ്മൻചാണ്ടി വിജയിക്കുമെന്നും മുല്ലപ്പള്ളി ഒരു ചാനലിനോട് പ്രതികരിച്ചു. കോട്ടയത്ത് ഉമ്മൻചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. കേരള കോൺഗ്രസ് മാണിഗ്രൂപ്പിന്റെ സീറ്റാണ് കോട്ടയം. എന്നാൽ, ഉമ്മൻചാണ്ടി മത്സരിക്കാൻ എത്തിയാൽ കോട്ടയം വിട്ടുകൊടുത്ത് പകരം ഇടുക്കിയിൽ മത്സരിക്കാൻ മാണി ഗ്രൂപ്പ് തയാറായേക്കുമെന്ന സൂചനയുണ്ട്. അതേസമയം, വയനാട്ടിൽ ഉമ്മൻചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമായോടെയാണ് ഉമ്മൻചാണ്ടിയുടെ പേരും ഉയരുന്നത്. എന്നാൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണെങ്കിലും പാർലമെന്ററി രംഗത്ത് കേരളം വിട്ട് ദേശീയ തലത്തിലേക്ക് പോകാൻ ഉമ്മൻചാണ്ടിക്ക് താത്പര്യമില്ലെന്നും പറയപ്പെടുന്നു.

താൻ മത്സരിക്കില്ല: മുല്ലപ്പള്ളി

കെ.പി.സി. സി പ്രസിഡന്റ് സ്ഥാനത്തിരുന്ന് താൻ മത്സരിക്കില്ലെന്ന് മുല്ളപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എന്നാൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാർക്ക് മത്സരിക്കുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.