priyanka-gandhi-vadra-ent

ന്യൂഡൽഹി: പ്രതാപകാലം തിരിച്ചുപിടിക്കുന്നതിനായി രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ഒരുവർഷം കഴിയുന്നതിന് പിന്നാലെ പാർട്ടി തലപ്പത്തേക്ക് സഹോദരി പ്രിയങ്കാ ഗാന്ധിയുമെത്തുന്നു. തുടക്കമെന്ന നിലയിൽ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് പ്രിയങ്കയുടെ നിയമനം. യു.പി.എ അദ്ധ്യക്ഷയും അമ്മയുമായ സോണിയാ ഗാന്ധിക്ക് പകരം റായ്‌ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ ചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് കിഴക്കൻ ഉത്തർപ്രദേശ്. രാജ്യഭരണത്തിന് ഏറ്റവും നിർണായകമാകുന്ന സംസ്ഥാനമെന്ന നിലയിൽ യു.പിയിൽ നിന്നും പരമാവധി സീറ്റുകൾ നേടാനാണ് കോൺഗ്രസ് ശ്രമം. ഫെബ്രുവരി ആദ്യ വാരം തന്നെ പ്രിയങ്ക ചുമതലയേൽക്കുമെന്നാണ് വിവരം.

ഇതടക്കം വൻ അഴിച്ചുപണിയാണ് എ.ഐ.സി.സിയിൽ നടത്തിയിരിക്കുന്നത്. കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചു. കർണാടകയിലെ ചുമതലയിലും അദ്ദേഹം തുടരും. മുമ്പ് മുതിർന്ന നേതാവായ അശോക് ഗെലോട്ട് വഹിച്ചിരുന്ന പദവിയാണിത്. ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതോടെയാണ് പദവിയിൽ മാറ്റമുണ്ടായത്. പശ്ചിമ ഉത്ത‌ർപ്രദേശിലെ പ്രദേശങ്ങളുടെ ചുമതല ജോതിരാത്യസിന്ധ്യയ്‌ക്കും നൽകിയിട്ടുണ്ട്.