നേപ്പിയർ: ഏകദിനത്തിൽ 156 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്‌ക്ക് 15 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 76 റൺസ് എന്ന നിലയിലാണ്. നേരത്തെ സൂര്യപ്രകാശം ബാറ്റ്സ്‌മാന്റെ കണ്ണിലടിച്ച് കാഴ്‌ചയെ മറയ്‌ക്കുന്ന സാഹചര്യത്തിൽ കളി താൽക്കാലികമായി നിറുത്തിവച്ചിരുന്നു. 10 ഓവർ പിന്നിട്ടതിനു പിന്നാലെ മൽസരം നിറുത്തിയത്. 30 മിനിറ്റോളം കളി തടസ്സപ്പെട്ടെങ്കിലും അതിനുശേഷം പുനഃരാരംഭിച്ചു.
ഒൻപതു വിക്കറ്റും 34 ഓവറും ശേഷിക്കെ ഇന്ത്യയ്‌ക്ക് വിജയത്തിലേക്ക് 80 റൺസ് കൂടി മതിയാകും. ഡിന്നർ ബ്രേക്കിനു തൊട്ടുപിന്നാലെ ഓപ്പണർ രോഹിത് ശർമ പുറത്തായിരുന്നു. 24 പന്തിൽ ഒരു ബൗണ്ടറി സഹിതം 11 റൺസെടുത്ത ശർമയെ ഡഗ് ബ്രാസ്‌വെലിന്റെ പന്തിൽ മാർട്ടിൻ ഗപ്റ്റിലാണ് ക്യാച്ചെടുത്തു പുറത്താക്കിയത്. ശിഖർ ധവാൻ (40), ക്യാപ്റ്റൻ വിരാട് കൊഹ്‍ലി (17) എന്നിവരാണ് ക്രീസിൽ.
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡ് മുഹമ്മദ് ഷമി സ്വന്തമാക്കി. ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തിൽ രണ്ട് വിക്കറ്റ് നേടിയതോടെയാണ് ഷമി റിക്കാർഡ് സ്വന്തമാക്കിയത്. 56 മത്സരങ്ങളിൽ നിന്നാണ് ഷമിയുടെ നേട്ടം. 59 മത്സരങ്ങളിൽ നിന്ന് ഇർഫാൻ പത്താനാണ് ഇതിന് മുമ്പ് വേഗത്തിൽ 100 വിക്കറ്റ് നേടിയ ഇന്ത്യൻ താരം.