ഉസ്യുപിസ് എന്നൊരു രാജ്യമുണ്ട്. അവിശ്വസനീയമായ പലതുമൊളിപ്പിച്ചുവച്ച് സഞ്ചാരികളെ മാടിവിളിക്കുന്ന രാജ്യം. വെറും 148ഏക്കർ മാത്രമാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഉസ്യുപിസിന്റെ വിസ്തൃതി. അതായത്, കുട്ടനാട്ടിലെ ഒരു പാടശേഖരത്തിന്റെ അത്രമാത്രം വലിപ്പം.യൂറോപ്പിന്റെ വടക്കു കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ബാൾട്ടിക് രാജ്യങ്ങളിൽ ഒന്നാണ് ലിത്വാനിയയുടെ തലസ്ഥാനമായ വിൽന്യുസിൽ ഉൾപെട്ട ഉസ്യുപിസ്.
അധികമാരും കേട്ടിട്ടില്ലാത്ത ഉസ്യുപിസിന്റെ പേരിന്റെ അർത്ഥം 'നദിയുടെ അങ്ങേക്കരയിൽ" എന്നാണ്. ഈ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കിന് പ്രസിഡന്റും ഭരണഘടനയും കറൻസിയുമൊക്കെയുണ്ട്. നാലു ചെറു ബോട്ടുകളടങ്ങുന്ന നാവിക സേനയും പത്തോളം വരുന്ന സൈനികരുമുണ്ട്.ആകെയുള്ള 7000 പേരിൽ ആയിരത്തോളം പേരും കലാകാരൻമാരാണ് താനും!
എല്ലാ വർഷവും ഏപ്രിൽ ഒന്നിന് ലോകം 'വിഡ്ഢിദിനം" കൊണ്ടാടുേമ്പാൾ ഉസ്യുപിസ് ആഘോഷിക്കുന്നത് അവരുടെ സ്വാതന്ത്ര്യദിനമാണ്. ഉസ്യുപിസിനെ വിൽന്യുസിൽ നിന്നും വേർതിരിക്കുന്ന ഒരു നദിയുണ്ട്. വിൽനിയ. അവളാണ് ഉസ്യുപിസിന്റെ ജീവനാഡി. സ്വാതന്ത്ര്യദിനത്തിൽ പുറത്തുനിന്നെത്തുന്ന സഞ്ചാരികൾക്ക് മുദ്ര പതിച്ച അവരുടെ പാസ്പോർട്ടുകളോടെ വിൽനിയക്കു മുകളിലുള്ള പാലത്തിലൂടെ ഉസ്യുപിസിലേക്ക് പ്രവേശിക്കാം. ഇതല്ല, രസം, രാജ്യത്തിലേക്കുള്ള ഈ പ്രവേശനകവാടത്തിൽപ്പോലും ഉസ്യുപിസിന് കാവൽക്കാരില്ല. അത്രയ്ക്ക് വിശ്വാസമാണ് ഇവടത്തുകാർക്ക് പുറംലോകത്തെ.