ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്കാ ഗാന്ധിയുടെ കടന്നുവരവ് പ്രഖ്യാപിച്ച കോൺഗ്രസിന് മാസ് മറുപടിയുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തി. കുടുംബത്തേക്കാൾ വലുത് തങ്ങൾക്ക് പാർട്ടിയും ഈ രാജ്യവുമാണെന്ന് ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്ര പറഞ്ഞു. എന്നാൽ കോൺഗ്രസന് പാർട്ടിയേക്കാൾ വലുത് തങ്ങളുടെ കുടുംബമാണെന്നും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കാലങ്ങളായി രാജ്യത്ത് നിലനിൽക്കുന്ന കുടുംബരാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്കയെ കിഴക്കൻ യു.പിയുടെ രാഷ്ട്രീയ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഏറെ നാളായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്ന പ്രിയങ്കയ്‌ക്ക് പാർട്ടിയിൽ മുതിർന്ന ചുമതല നൽകിയത് നിർണായക നീക്കമാണെന്നാണ് കോൺഗ്രസ് നേതാക്കന്മാരുടെ അഭിപ്രായം. പുതിയ ചുമതലയേറ്റെടുക്കുന്ന പ്രിയങ്കയ്‌ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് അവരുടെ ഭർത്താവ് റോബർട്ട് വധേര ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇന്ത്യയുടെ ഭരണത്തിൽ ഏറ്റവും നിർണായകമാകുന്ന ഉത്തർപ്രദേശിൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ പ്രിയങ്കയ്‌ക്കാമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പിക്കാരെല്ലാം പരിഭ്രാന്തിയിലായിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യം പ്രിയങ്ക തന്നെയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലമായ അമേത്തിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ.