നേപ്പിയർ: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. എട്ടു വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ഒപ്പം അർധ സെഞ്ച്വറിയുമായി ഓപ്പണർ ശിഖർ ധവാനും (പുറത്താകാതെ 75) ഇന്ത്യൻ വിജയം അനായാസമാക്കി. 26-ാം അർധസെഞ്ച്വറി നേടിയ ശിഖർ ധവാന്റെ ഇന്നിങ്‌സാണ് ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്. 103 പന്തിൽ നിന്ന് ധവാൻ 75 റൺസെടുത്തു. 85 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്.
ക്യാപ്റ്റൻ വിരാട് കൊഹ്‌ലി 45 റൺസെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റിൽ ധവാനും കൊഹ്‌ലിയും 91 റൺസ് കൂട്ടിച്ചേർത്തു. റായിഡു 13 റൺസോടെ പുറത്താകാതെ നിന്നു. 24 പന്തിൽ 11 റണൺസെടുത്ത രോഹിത് ശർമയും നേരത്തെ പുറത്തായിരുന്നു. ഡഗ് ബ്രെയ്‌സ്‌വെല്ലാണ് രോഹിത്തിനെ പുറത്താക്കിയത്.
നേരത്തെ സൂര്യപ്രകാശം ബാറ്റ്സ്‌മാന്റെ കണ്ണിലടിച്ച് കാഴ്‌ചയെ മറയ്‌ക്കുന്ന സാഹചര്യത്തിൽ കളി താൽക്കാലികമായി നിറുത്തിവച്ചിരുന്നു. 10 ഓവർ പിന്നിട്ടതിനു പിന്നാലെ മൽസരം നിറുത്തിയത്. 30 മിനിറ്റോളം കളി തടസ്സപ്പെട്ടെങ്കിലും അതിനുശേഷം പുനഃരാരംഭിച്ചു. മൽസരം 30 മിനിറ്റോളം വൈകിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് 49 ഓവറാക്കി വെട്ടിച്ചുരുക്കുകയും വിജയലക്ഷ്യം 156 റൺസായി പുനർനിർണയിക്കുകയും ചെയ്‌തു.
ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്‌മാൻ ശിഖർ ധവാൻ ഏകദിന ക്രിക്കറ്റിൽ 5,000 റൺസ് തികച്ചു. ഒപ്പം ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കാർഡ് മുഹമ്മദ് ഷമിയും സ്വന്തമാക്കി. ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തിൽ രണ്ട് വിക്കറ്റ് നേടിയതോടെയാണ് ഷമി റെക്കാർഡ് സ്വന്തമാക്കിയത്.
അമ്പാട്ടി റായുഡുവിനെയും കൂട്ടുപിടിച്ചാണ് ധവാൻ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 69 പന്തിൽ ആറു ബൗണ്ടറികൾ സഹിതമാണ് ധവാൻ 26–ാം ഏകദിന അർധസെഞ്ച്വറി പൂർത്തിയാക്കി. മൽസരത്തിലാകെ 103 പന്തുകൾ നേരിട്ട ധവാൻ ആറു ബൗണ്ടറികൾ സഹിതം 75 റൺസോടെ പുറത്താകാതെ നിന്നു. റായുഡു 23 പന്തിൽ രണ്ടു ബൗണ്ടറികളോടെ 13 റൺസെടുത്തു.